Mukkam

ഒരു വ​ർ​ഷം മു​മ്പ് മു​ക്കം ക​ട​വി​ൽ നി​ന്ന് പൊ​ളി​ച്ചു​മാ​റ്റി​യ വെ​ന്‍റ് പൈ​പ്പു​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യാ​യി​ല്ല.

മുക്കം: ഒ​രു വ​ർ​ഷം മു​മ്പ് മു​ക്കം ക​ട​വി​ൽ നി​ന്ന് പൊ​ളി​ച്ചു​മാ​റ്റി​യ വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​ന്‍റെ പൈ​പ്പു​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യാ​യി​ല്ല. ക​ഴി​ഞ്ഞ ജൂ​ണി​ൽ പൊ​ളി​ച്ച പാ​ല​ത്തി​ന്‍റെ വ​ലി​യ പൈ​പ്പു​ക​ൾ പു​തി​യ പാ​ല​ത്തി​ന്‍റെ ചു​വ​ട്ടി​ലും മു​ക്കം ഭാ​ഗ​ത്തെ ക​ര​യി​ലു​മാ​ണ് കൂ​ട്ടിയിട്ടി​രി​ക്കു​ന്ന​ത്. പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ ഇ​ത് നി​ല​വി​ലെ പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​ണ്. ഇ​തോ​ടൊ​പ്പം പാ​ല​ത്തി​ന് സ​മീ​പ​ഭാ​ഗ​ങ്ങ​ളി​ൽ ക​ര​യി​ടി​ച്ചി​ലി​നും വ​ഴി​വെ​ച്ചേ​ക്കും. മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് പ​ഞ്ചാ​യ​ത്തും പൈ​പ്പ് മാ​റ്റു​ന്ന പ്ര​വൃ​ത്തി​യേ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നും ത​മ്മി​ലു​ള്ള കേ​സ് ന​ട​പ​ടി​ക​ളാ​ണ് പൈ​പ്പു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ത​ട​സം.

ര​ണ്ടാ​യി​ര​ത്തി​ലാ​ണ് ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഇ​രു​വ​ഴി​ഞ്ഞി​യുംചെ​റു​പു​ഴ​യും സംഗമിക്കുന്ന ക​ട​വി​ൽ വെ​ന്‍റ് പൈ​പ്പ് പാ​ലം നി​ർ​മി​ച്ച​ത്. കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തോ​ടെ പാ​ലം മി​ക്ക സ​മ​യ​ത്തും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഴു​വ​ൻ സ​മ​യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ന്ന പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 2015ൽ ​ഇ​വി​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കോ​ൺ​ക്രീ​റ്റ് പാ​ലം നി​ർ​മി​ച്ചു.

പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ര​ങ്ങ​ളും ച​ണ്ടി​ക​ളും വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​ൽ ത​ങ്ങി പു​തി​യ പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​യി. ഇ​തി​ന് പു​റ​മെ ഇ​വി​ടം സാ​മു​ഹ്യ വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്ന​തും പ​തി​വാ​യി. ഇ​തോ​ടെ വെ​ന്‍റ് പൈ​പ്പ് പാ​ലം പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി. തു​ട​ർ​ന്ന് 2020 ജൂ​ണി​ൽ പാ​ലം പൊ​ളി​ച്ചു​നീ​ക്കി. ക​മ്പി​യും മ​റ്റും ഉ​ട​നെ ത​ന്നെ കൊ​ണ്ടു പോ​യി. കു​റേ പൈ​പ്പു​ക​ൾ പൊ​ട്ടി​പ്പോ​യി. ബാ​ക്കി വ​ന്ന മു​പ്പ​ത്ത​ഞ്ചോ​ളം ഭീ​മ​ൻ പൈ​പ്പു​ക​ൾ ലേ​ലം ചെ​യ്ത് വി​ൽ​ക്കാ​നാ​യി മാ​റ്റി​യി​ടു​ക​യാ​യി​രു​ന്നു.

2020 ഓ​ഗ​സ്റ്റ് നാ​ലി​ന് ന​ട​ന്ന ഭ​ര​ണ സ​മി​തി തീ​രു​മാ​ന​പ്ര​കാ​രം ഓ​ഗ​സ്റ്റ് 11ന് ​പൈ​പ്പ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ലേ​ലം ന​ട​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ 11837 രൂ​പ വി​ല നി​ശ്ച​യി​ച്ച പൈ​പ്പു​ക​ൾ 21600 രൂ​പ​ക്ക് ലേ​ല​ത്തി​ൽ പോ​യി. ഓ​ഗ​സ്റ്റ് 17 ന് ​ന​ട​ന്ന ഭ​ര​ണ സ​മി​തി ലേ​ലം അം​ഗീ​ക​രി​ക്കു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പൈ​പ്പു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ക​ന​ത്ത മ​ഴ​യു​ള്ള​തി​നാ​ൽ യ​ന്ത്ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി​ക്കാ​നു​ള്ള പ്ര​യാ​സ​ങ്ങ​ളും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വൃ​ത്തി​ക്ക് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ സ​മീ​പി​ച്ചു. 2020 ഒ​ക്ടോ​ബ​ർ 22 ന് ​ന​ട​ന്ന ഭ​ര​ണ സ​മി​തി ക​രാ​റു​കാ​ര​ന്‍റെ അ​പേ​ക്ഷ നി​ര​സി​ക്കു​ക​യും പു​ന​ർ​ലേ​ല​ത്തി​ന് തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ ക​രാ​റു​കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ നി​യ​മ​കു​രു​ക്കി​ല​ക​പ്പെ​ട്ട് പൈ​പ്പ് മാ​റ്റ​ൽ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്

Related Articles

Leave a Reply

Back to top button