Kozhikode

പുതിയ തളി പുതിയ കാഴ്ച; ഇന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട് ∙ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച തളി കുളവും പരിസരവും ഇന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 നു ഓൺലൈനിലാണു ചടങ്ങ്. വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 1.25 കോടിയും 75 ലക്ഷം എംഎൽഎ ഫണ്ടും ഉപയോഗിച്ചാണു തളി ക്ഷേത്രക്കുളവും പരിസരവും നവീകരിച്ചത്. കുളം നവീകരിച്ചു സംരക്ഷണ ഭിത്തി കെട്ടി പെയിന്റിങ് നടത്തി. കുളത്തിന്റെ ഭാഗമായുള്ള ആറാട്ട് കടവ്, വടക്കു ഭാഗത്തു കുളപ്പുര എന്നിവ പുനർനിർമിച്ചു.

കിഴക്കു ഭാഗത്തു ഗ്രാനൈറ്റ് പതിച്ച ഇരിപ്പിടങ്ങളുടെ സമീപം കുളത്തിന് അഭിമുഖമായി നിർമിച്ച 8 ചുമരുകളിൽ സിമന്റിൽ സാമൂതിരി ഭരണകാലത്തെ വിവിധ ദൃശ്യങ്ങൾ ആവിഷ്കരിച്ചു. അരിയിട്ടു വാഴ്ച, രാജാവിന്റെ എഴുന്നള്ളത്ത്, മാമാങ്കം, രേവതി പട്ടത്താനം, മങ്ങാട്ടച്ഛനും പൂന്താനവും, ത്യാഗരാജ സംഗീത സഭ, കൃഷ്ണനാട്ടം, തളിയിലെ സദ്യ എന്നിവയാണു ചുമരിൽ. റോഡരികിൽ ക്ഷേത്ര മതിലിനോട് ചേർന്നാണ് ഔഷധച്ചെടികൾ, പൂച്ചെടികൾ തുടങ്ങിയവയുള്ള ഉദ്യാനം നിർമിച്ചിട്ടുണ്ട്.

ആൽത്തറയിൽ സന്ദർശകർക്ക് ഇരിക്കുന്നതിനുള്ള സൗകര്യമൊരുക്കി നവീകരിച്ചു. മികച്ച ശബ്ദ – വെളിച്ച സംവിധാനം, എൽഇഡി വാൾ എന്നിവ സജ്ജീകരിച്ചാണ് സ്റ്റേജ് നവീകരിച്ചത്. നടപ്പാതയും പടവുകളും നിർമിച്ചു. മ്യൂസിയം, ലൈബ്രറി എന്നിവയും പദ്ധതിയിൽ ഉണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണു നവീകരണം നടത്തിയത്. എൻഐടി ആർക്കിടെക്ചറൽ വിഭാഗത്തിലെ പ്രഫ.എ.കെ.കസ്തൂർബ ആണു രൂപകൽപന ചെയ്തത്. ജില്ലാ നിർമിതി കേന്ദ്ര ആണു നിർമാണ ചുമതല വഹിച്ചത്.

Related Articles

Leave a Reply

Back to top button