ടൂറിസം മേഖലയിൽ കൂട്ട വാക്സിനേഷന് ഒരുക്കം തുടങ്ങി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ∙ കോവിഡ്കാലത്തെ അതിജീവിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു നൽകുന്നതിനു നടപടികളെടുക്കുകയാണെന്നും ടൂറിസം മേഖലയിൽ ആരോഗ്യ വകുപ്പുമായി ചേർന്നു കൂട്ട വാക്സിനേഷന് ഒരുക്കങ്ങൾ തുടങ്ങിയതായും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരണ പ്രവൃത്തികൾ നടത്തി മനോഹരമാക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീച്ച് നവീകരണം ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടത്തിനു സഹായകമാകും.
മലബാറിന്റെ ടൂറിസം മേഖലയുടെ വളർച്ചയിൽ കോഴിക്കോടിനു വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരുന്നു. എം.കെ.രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ബീന ഫിലിപ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കലക്ടർ സാംബശിവ റാവു, സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്, ഡിടിപിസി സെക്രട്ടറി സി.പി. ബീന തുടങ്ങിയവർ പ്രസംഗിച്ചു. നവീകരിച്ച ബീച്ചിൽ മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുൽത്തകിടികളും ഒരുക്കിയിട്ടുണ്ട്.
കോഴിക്കോടിന്റെ സാംസ്‌കാരിക നായകരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ.പൊറ്റെക്കാട്ട്, എം.എസ്.ബാബുരാജ്, എം.ടി.വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെ ചിത്രങ്ങൾ സൗത്ത് ബീച്ചിന്റെ ചുമരുകളിലുണ്ട്. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാംപുകൾ, വഴിവിളക്കുകൾ, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ശിലാസാഗരം ബീച്ചിൽ ഭീമൻ ചെസ് ബോർഡ്, പാമ്പും കോണിയും ഒരുക്കിയിട്ടുമുണ്ട്.







