Kerala

വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു

വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു. ഇതിനായി പ്രത്യേക കൗണ്ടറുകൾ വിമാനത്താവളങ്ങളിൽ തുറന്നു. നെടുമ്പാശേരിയിൽ മാത്രം 16 കൗണ്ടറുകളാണുള്ളത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പരിശോധനയ്ക്ക് വിധേയരാകണം. ഫേസ് ഷീൽഡ്, പിപിഇ കിറ്റ് എന്നിവ ധരിച്ച് പ്രവാസികൾ എത്തിത്തുടങ്ങുന്നതും ഇന്ന് മുതലാണ്. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ക്രമീകരണങ്ങൾ.

അതേസമയം കൊവിഡ് വ്യാപന ഭീതിയിൽ ആരോഗ്യ വകുപ്പ് സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടി. രോഗ ലക്ഷണമുള്ളവർക്ക് ആർടിപിസിആർ ടെസ്റ്റും രോഗലക്ഷണമില്ലാത്തവർക്ക് ട്രൂനാറ്റ് ടെസ്റ്റ് നടത്തും.

സംസ്ഥാനത്ത് പ്രതിദിനം 4000ത്തിനടുത്ത് ടെസ്റ്റുകൾ മാത്രമാണ് നിലവിൽ നടക്കുന്നത്. എന്നാൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രോഗ ലക്ഷണമുള്ളവർക്ക് ആർടിപിസിആർ ടെസ്റ്റും രോഗലക്ഷണമില്ലാത്തവർക്ക് ട്രൂനാറ്റ് ടെസ്റ്റും എന്നിങ്ങനെയാണ് പരിശോധനാ ക്രമം. ഗർഭിണികൾ, സർജറിക്ക് വിധേയരാകുന്നവർ എന്നിവർക്ക് മുൻഗണന നൽകും. ആർടിപിസിആർ ലാബ്, ടെക്‌നീഷ്യൻമാരുടെ എണ്ണം എന്നിവയിലും വർധനവുണ്ടാകും.

കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തിയത്. ആറു ജില്ലകളിൽ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button