പ്രത്യേകാനുകൂല്യം: പുതുപ്പാടിയിൽ സർവേ തുടങ്ങി

പുതുപ്പാടി: കേന്ദ്രസർക്കാർ നിർദേശിച്ച ഈസ് ഓഫ് ലിവിങ് സർവേക്ക് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. ഇല്ലായ്മയിൽ കഴിയുന്ന ഗ്രാമീണ കുടുംബങ്ങളെ കണ്ടെത്തി പ്രത്യേക ആനുകൂല്യങ്ങൾ നൽകേണ്ടവരെ നിശ്ചയിക്കുകയെന്നതാണ് സർവേയുടെ ലക്ഷ്യം.
2011-ലെ സാമൂഹിക സാമ്പത്തിക, ജാതി സർവേയിൽ ഉൾപ്പെട്ടവരിൽ നിന്നാണ് കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങളുടെ നേതൃത്വത്തിൽ വിവരശേഖരണം നടത്തുന്നത്. 38 ചോദ്യങ്ങളും ഉപചോദ്യങ്ങളുമടങ്ങിയ നിശ്ചിത ചോദ്യാവലിയുപയോഗിച്ചാണ് വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാരുടെ മേൽനോട്ടത്തിൽ സർവേ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
സർവേ ഫോമുകൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീബ സജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ അധ്യക്ഷനായി. വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാരായ അബ്ദുൾ ജലീൽ, ഗോപാലകൃഷ്ണൻ എന്നിവർ സർവേ വിശദാംശങ്ങൾ സി.ഡി.എസ്. അംഗങ്ങൾക്ക് വിശദീകരിച്ചു നൽകി







