Kozhikode

കോടികളുടെ ചിട്ടി തട്ടിപ്പുനടത്തി മുങ്ങിയ മാരുതി ചിട്ടിഫണ്ട്സ് ഉടമ അറസ്റ്റിൽ

കോഴിക്കോട്: കോടികളുടെ ചിട്ടി തട്ടിപ്പുനടത്തി മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. കല്പറ്റ ജനക്ഷേമ മാരുതി ചിറ്റ്സ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. കല്പറ്റ സ്വദേശി ഗൂഡലായിക്കുന്നിലെ ഇ.കെ. സുശീൽകുമാറിനെയാണ് (53) നടക്കാവ് പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്തത്. ചിട്ടികമ്പനിയുടെ നടക്കാവ് ബ്രാഞ്ച് കേന്ദ്രീകരിച്ച് 2016-ൽ നടന്ന തട്ടിപ്പിലാണ് അറസ്റ്റ്.

കല്പറ്റ, കൂത്തുപറമ്പ് ഉൾപ്പെടെ സംസ്ഥാനത്തെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെപേരിൽ കേസുണ്ട്. നടക്കാവിലെ കേസിൽ കൂട്ടുപ്രതികളും കമ്പനിയുടെ ഡയറക്ടർമാരും പിടിയിലാവാനുണ്ടെന്ന് നടക്കാവ് പോലീസ് പറഞ്ഞു.

ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സുശീൽകുമാർ നേരത്തേ പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2002-ലാണ് കല്പറ്റ കേന്ദ്രീകരിച്ച് മാരുതി ചിട്ടിഫണ്ട്സ് തുടങ്ങിയത്. അധികം വൈകാതെ തന്നെ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലായി 85 ശാഖകളുള്ള വലിയ സ്ഥാപനമായി മാരുതി വളർന്നു. 20,000 മുതൽ 10 ലക്ഷം വരെയുള്ള ചിട്ടികളാണ് ഇവർ നടത്തിയത്. കമ്പനി നൽകിയ ചില ചെക്കുകൾ പണമില്ലാതെ മുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ശാഖകൾ പൂട്ടി ഉടമകൾ മുങ്ങുകയായിരുന്നു.

നടക്കാവ് ഇൻസ്പെക്ടർ ബിശ്വാസ്, സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ പ്രജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Related Articles

Leave a Reply

Back to top button