കരീറ്റിപറമ്പിൽ ദമ്പതിമാരെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി

കൊടുവള്ളി: ദമ്പതിമാരെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി.കരീറ്റിപറമ്പ് പുത്തൻപുരക്കൽ കെ.വി. ബഷീർ അബ്ദുള്ള (50), ഭാര്യ സുരയ്യ (40) എന്നിവർക്കാണ് പരിക്കേറ്റത്. അക്രമം തടയാനെത്തിയ അയൽവാസി കരീറ്റിപ്പറമ്പ് ആയിരം കുരുമംഗലത്ത് ഷബീനും പരിക്കേറ്റു. റിഷാൽ എന്നയാളാണ് അക്രമം നടത്തിയതെന്ന് ബഷീർ അബ്ദുള്ള പറഞ്ഞു.
ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. വീടിനകത്ത് കടന്ന അയൽവാസി റിഷാൽ സുരയ്യയെ അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്തു. ബഹളംകേട്ട് ബഷീർ എത്തിയപ്പോഴേക്കും റിഷാദ് കടന്നുകളഞ്ഞു. പിന്നീട് റിഷാൽ വീണ്ടുമെത്തി മർദിക്കുകയായിരുന്നുവെന്ന് ബഷീർ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ മൂന്നുപേരും താമരശ്ശരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
കരീറ്റിപ്പറമ്പ് വെസ്റ്റ് ഡിവിഷൻ മുസ്‌ലിം ലീഗ് ജനറൽസെക്രട്ടറിയാണ് ബഷീർ അബ്ദുള്ള. സംഭവത്തിൽ ബഷീർ അബ്ദുള്ളയും റിഷാലും കൊടുവള്ളി പോലീസിൽ പരാതി നൽകി.
മുസ്‌ലിം ലീഗ് കരീറ്റിപ്പറമ്പ് ഡിവിഷൻ ജനറൽസെക്രട്ടറിയുടെ വീട്ടിൽക്കയറി അക്രമം നടത്തിയ ആൾക്കെതിരേ പോലീസ് നടപടിയെടുക്കണമെന്ന് കരീറ്റിപ്പറമ്പ് ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ.ടി. റഷീദ് അധ്യക്ഷനായി. എൻ. സിദ്ദിഖ്, കെ. നാസർ, എം.കെ. മൊയ്തീൻകുട്ടി ഹാജി, വി. യൂനുസ്, യു.വി. സുൽഫി, കെ.വി. ലത്തീഫ്, യു.വി. ഷാഹിദ്, എൻ. ജുബൈർ, റംഷി ചീക്കോത്ത് എന്നിവർ സംസാരിച്ചു






