പോസ്റ്റൽ പിൻ കോഡ് എല്ലാ നാട്ടിലും വളരെയേറെ ഉപകാരം: തോട്ടുമുക്കത്തുകാർക്ക് അതൊരു തലവേദന

കൊടിയത്തൂർ: പോസ്റ്റൽ പിൻ കോഡ് എല്ലാ നാട്ടിലും വളരെയേറെ അത്യാവശ്യവും അതിലേറെ ഉപകാരവുമുള്ളതുമാണെങ്കിലും തോട്ടുമുക്കത്തുകാർക്ക് പലപ്പോഴുമതൊരു തലവേദനയാണ്. പിൻ നമ്പർ നാടും ജില്ലയും എളുപ്പത്തിൽ തിരിച്ചറിയാനുള്ള മാർഗമാണെങ്കിലും തോട്ടുമുക്കത്തുകാരുടെ പിൻകോഡ് മലപ്പുറം ജില്ലയിലെ മഞ്ചേരി ഡിവിഷനിൽ ഉൾപ്പെടുന്നതാണ്. എന്തിനും ഏതിനും ആധാർ കാർഡ് ആധാരമാക്കിത്തുടങ്ങിയതോടെയാണ് പിൻകോഡിലെ ജില്ലാവ്യത്യാസം പ്രശ്നമായിത്തുടങ്ങിയത്.
തോട്ടുമുക്കവും സമീപപ്രദേശങ്ങളും സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. മലപ്പുറം-കോഴിക്കോട് അതിർത്തിമേഖലയാണിത്. എന്നാൽ, ഈ നാട്ടിലേക്കുള്ള തപാൽ സംവിധാനം മഞ്ചേരി പോസ്റ്റൽ ഡിവിഷനിലെ അരീക്കോട് സബ് പോസ്റ്റ് ഓഫീസിനു കീഴിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുമൂലം ജില്ലാ അതിർത്തിയിൽ ഉൾപ്പെടുന്ന തോട്ടുമുക്കത്തെയും സമീപത്തെ പനംപിലാവ്, കക്കാടംപൊയിൽ, വാലില്ലാപ്പുഴ പോസ്റ്റോഫീസുകളുടെ പരിധിയിലെ കുറെ പ്രദേശങ്ങളിലും പിൻ കോഡ് മഞ്ചേരി ഡിവിഷനുകീഴിൽവരുന്ന 673639 ആണ്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി ആധാർ കാർഡ് വിലാസം തെളിയിക്കാനുള്ള രേഖയായി നൽകാൻ സാധിക്കുന്നില്ല. ആധാർ കാർഡ് സമർപ്പിക്കുമ്പോൾ ജില്ല മലപ്പുറം എന്നാണ് കാണിക്കുന്നത്.
ഇതുമൂലം മറ്റ് രേഖകൾ ഹാജരാക്കി താമസസ്ഥലം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ വീണ്ടും കഷ്ടപ്പെടേണ്ടിവരുന്നു. ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട്, മൊബൈൽ സിം കാർഡ്, പാൻ കാർഡ് തുടങ്ങി ദൈനംദിന ജീവിതാവശ്യങ്ങൾക്കെല്ലാം ആധാർ കാർഡ് അനിവാര്യമായതിനാൽ പിൻ കോഡ് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാവപ്പെട്ട ജനങ്ങൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രയാസങ്ങൾക്ക് കാരണമായ പിൻ കോഡ് പ്രശ്നം പരിഹരിക്കണമെന്ന് മലയോരമേഖല കെ.എസ്.ആർ.ടി.സി. ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധി, പോസ്റ്റ് മാസ്റ്റർ ജനറൽ തുടങ്ങിയവർക്ക് പരാതിനൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.







