മുക്കത്തെ അധികനിയന്ത്രണം : കൗൺസിലർമാരുടെ റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

മുക്കം:നഗരം ഉൾപ്പെടുന്ന പതിന്നാലാം ഡിവിഷനിൽ ഏർപ്പെടുത്തിയ അധികനിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് മൂന്നുദിവസമായി മുക്കം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. നഗരസഭാധികൃതരുമായും പോലീസുമായും വ്യാപാരി പ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ തങ്ങൾ ഉയർത്തിയ ആവശ്യം അംഗീകരിക്കുകയായിരുന്നു എന്ന് കൗൺസിലർമാർ പറഞ്ഞു.
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് മാത്രം കടകളിലേക്ക് ആളെ കയറ്റുകയെന്നത് പ്രായോഗികമല്ലെന്നും ഇത് കച്ചവടക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് സി.കെ. കാസിം പറഞ്ഞു.
ജനങ്ങളെ സംഘടിപ്പിച്ച് സമരം ശക്തിപ്പെടുത്തുമെന്നും കൗൺസിലർമാരായ എം. മധു, ഗഫൂർ കല്ലുരുട്ടി, രാജൻ എടോനി, എം.കെ. യാസർ, കൃഷ്ണൻ വടക്കയിൽ, കെ.കെ. റുബീന, റംല ഗഫൂർ, ബിന്നി മനോജ്, സക്കീന കബീർ, വസന്തകുമാരി എന്നിവർ പറഞ്ഞു.
യു.ഡി.എഫ്. ചെയർമാൻ ടി.ടി. സുലൈമാൻ അധ്യക്ഷനായി. ഉപവാസത്തിനുശേഷം കൗൺസിലർമാർ മുക്കത്ത് പ്രകടനംനടത്തി







