തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി ഡോക്ടർ നിയമനം നടത്തണമെന്ന് സി പി ഐ (എം)

തിരുവമ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം അടിയന്തരമായി നടത്തണമെന്ന് സി പി ഐ(എം) ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡി എം ഒ ഓഫീസിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ പോയതും ഇവരെ കൂടാതെ നിലവിലുള്ള രണ്ട് ഡോക്ടർമാർ രണ്ട് മണി വരെ മാത്രം ഡ്യൂട്ടിയിൽ ഉള്ളതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ ഇല്ലാതിരിക്കുന്നത് കോവിഡ് രോഗികൾ അടക്കമുള്ള രോഗികൾക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം കോവിഡ് പരിശോധനാ ഫലങ്ങൾ വരുന്ന സാഹചര്യത്തിൽ പോസിറ്റീവ് ആവുന്ന രോഗികളെ ചികിത്സിക്കുന്നതിനോ, മരുന്നുകൾ നൽകുന്നതിനോ, പോസിറ്റീവായി മറ്റ് ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവർക്ക് റഫറൻസ് ലെറ്റർ നൽകുന്നതിനോ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. നിലവിലുള്ള ഡോക്ടർമാരിൽ ഒരാളെ രാവിലെയും ഒരാളെ ഉച്ചയ്ക്കു ശേഷവും നിശ്ചയിച്ച് ഗ്രാമപഞ്ചായത്തിന് തീരുമാനം എടുക്കാവുന്നതാണെന്നും വിഷയത്തിൽ ഗ്രാമപഞ്ചായത്ത് ഇടപെടുന്നില്ലെന്നും തിരുവമ്പാടിയിലെ ഉയരുന്ന കോവിഡ് വ്യാപനവും വാക്സിൻ വിതരണത്തിലെ സുതാര്യതയില്ലായ്മയും വിവാദ വിഷയങ്ങളാണെന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC) വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യുന്നതിന് പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്നും, അടിയന്തരമായി ഡോക്ടറെ നിയമിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടണമെന്നും സി പി ഐ എം തിരുവമ്പാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.






