Kodanchery

തുഷാരഗിരി വനഭൂമി വിട്ടുകൊടുക്കുന്നതിനെതിരേ പരിസ്ഥിതി പ്രവർത്തകർ

കോടഞ്ചേരി : പഞ്ചായത്തിലെ തുഷാരഗിരിയിൽ സർക്കാർ ഏറ്റെടുത്ത വനഭൂമി ഉടമകൾക്ക് വിട്ടുകൊടുക്കുന്നത് മേഖലയിൽ കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആശങ്ക. തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിന്റെയും അന്താരാഷ്ട്ര കയാക്കിങ് വേദിയായ ചാലിപ്പുഴയുടെയും നിലനിൽപ്പുതന്നെ ഭൂമി നഷ്ടപ്പെടുന്നത് അപകടത്തിലാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഉടമകൾക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുനൽകാനുള്ള നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് ഒരുങ്ങുന്നത്.

പരിസ്ഥിതി ലോലപ്രദേശം (ഇ.എഫ്.എൽ.) ഏറ്റെടുക്കാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 2000-ത്തിൽ നാലുകർഷകരിൽനിന്ന് 24 ഏക്കർ ഭൂമി വനംവകുപ്പ് ഏറ്റെടുത്തത്. ജീരകപ്പാറയിൽ വ്യാപകമായി മരം മുറിച്ച് സ്ഥലം തരിശായി മാറ്റിയതിനെതിരേ 1998 മുതൽ നടന്ന പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവത്തകരുടെയും നിരന്തരമായ സമരത്തെത്തുടർന്നാണ് ഭൂമി ഏറ്റെടുത്തത്.

കർഷകരായ ഭൂഉടമകൾക്ക് നഷ്ടപരിഹാരമൊന്നും നൽകാതെയാണ് സ്ഥലം പിടിച്ചെടുത്തിരുന്നത്. തുടർന്നാണ് ഉടമകൾ കോടതിയെ സമീപിച്ചതും അനുകൂലവിധി നേടിയെടുത്തതും. ന്യായമായ നഷ്ടപരിഹാരം കർഷകർക്ക് നൽകി ഭൂമി ഏറ്റെടുക്കാൻ നടപടി ഉണ്ടാവണമെന്നാണ് ഇപ്പോൾ ആവശ്യമുയരുന്നത്.

ഭൂമി തിരികെ നൽകുന്നതിലൂടെ ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിന്റെ പ്രവേശനകവാടവും ടിക്കറ്റ് കൗണ്ടറുമടക്കവും നഷ്ടമാവും. ജില്ലയുടെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ തിരിച്ചടിയാവും തുഷാരഗിരിയുടെ തകർച്ച. ഈ വനമേഖല ജൈവവൈവിധ്യത്താൽ സമ്പുഷ്ടവും അതിവിപുലമായ ഉൗർജസ്രോതസ്സുമാണ്. പ്രദേശത്തെ കാലാവസ്ഥ, ജലസുരക്ഷ, കൃഷി തുടങ്ങിയവയ്ക്കെല്ലാം അടിസ്ഥാനം തുഷാരഗിരിയുടെ നിലനിൽപ്പാണ്.

സുന്ദരമായ മഴവിൽ വെള്ളച്ചാട്ടവും ഇൗരാറ്റുമുക്ക് വെള്ളച്ചാട്ടവും തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടവും തുഷാരഗിരിയിലേക്ക് സന്ദർശക പ്രവാഹമുണ്ടാക്കിയവയാണ്. ഈ വെള്ളച്ചാട്ടത്തിൽ നിന്നാണ് ചാലിപ്പുഴ ഉദ്ഭവിക്കുന്നത്. അന്താരാഷ്ട്ര കയാക്കിങ്ങിന് വേദിയാണ് ചാലിപ്പുഴ. ഭൂമി നഷ്ടമാവുന്നത് ചാലിപ്പുഴയുടെ നാശത്തിനും ഇടയാക്കും. ജൈവ വൈവിധ്യ മേഖലയെന്നപോലെ നിരവധി മൃഗങ്ങളുടെയും പക്ഷിവർഗങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണിവിടം.

ജൈവവൈവിധ്യത്തിന്റെയും വെള്ളച്ചാട്ടങ്ങളുടെയും ചാലിപ്പുഴയുടെയും പ്രാധാന്യവും കോടതിയിൽ വെളിവാക്കാൻ വനം വകുപ്പ് ശ്രമിച്ചിട്ടില്ലെന്ന് കേരള നദീസംരക്ഷണസമിതി ആരോപിച്ചു. കോടതിയിൽ മൊഴികൊടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥൻ തികച്ചും നിരുത്തരവാദിത്വമാണ് പ്രകടിപ്പിച്ചതെന്നും സമിതി കുറ്റപ്പെടുത്തി.

താൻ ജോലിയിൽ പ്രവേശിച്ചിട്ട് അധികമായില്ലെന്നും പ്രദേശത്തെക്കുറിച്ച്‌ വ്യക്തമായി അറിയില്ലെന്നും അവിടെ ഒന്നുരണ്ടുതവണ മാത്രമാണ് സന്ദർശിച്ചിട്ടുള്ളതെന്നും മറ്റുമാണ് ബോധിപ്പിച്ചത്. കോടതിയിൽ പുനഃപരിശോധനാ ഹരജി സമർപ്പിക്കണമെന്നും പണം നൽകിയെങ്കിലും സ്ഥലം ഏറ്റെടുക്കണമെന്നും സമിതി ആവശ്യപ്പെടുന്നു

Related Articles

Leave a Reply

Back to top button