Kodanchery

ജനവികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ; മാത്യു കുഴൽനാടൻ

കോടഞ്ചേരി : ജനവികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുസർക്കാരിന് ജനങ്ങൾ ‘ഷോക്ക് ട്രീറ്റ്മെന്റ്’ നൽകുമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. പറഞ്ഞു. വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുസർക്കാരിന്റെ ചെയ്തികൾകൊണ്ട് ജനജീവിതം ദുഃസഹമായി. നികുതികുടിശ്ശിക പിരിച്ചെടുക്കാതെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന വെള്ളം, വൈദ്യുതി, വീട്ടുകരം, അപേക്ഷാ ഫീസുകൾ എന്നിവ വർധിപ്പിച്ചു. സാമൂഹിക ക്ഷേമപെൻഷൻ, ചികിത്സാസഹായം എന്നിവ മരവിപ്പിച്ചു. സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ എണ്ണം കുറച്ചു. ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി.

ദളിത്, ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള ഇ-ഗ്രാന്റ് വിതരണം പ്രതിസന്ധിയിലാണ്. എന്നാൽ, ആർഭാടങ്ങൾക്ക് സർക്കാരിന് പണമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കർഷകരുടെ പ്രശ്നങ്ങൾ സഭയിലുയർത്തുമ്പോൾ ഭരിക്കുന്നവർ, നിസ്സംഗതയോടെയാണ് ശ്രവിക്കുന്നതെന്ന്, വന്യമൃഗശല്യം സംബന്ധിച്ച പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. കെ.എം. പൗലോസ് അധ്യക്ഷനായി. സി.ജെ. ടെന്നീസൺ, സി.കെ. കാസിം, സണ്ണി കാപ്പാട്ടുമല, അബൂബക്കർ മൗലവി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button