തുഷാരഗിരി ഭൂമി ഏറ്റെടുക്കൽ: ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും

തിരുവമ്പാടി : തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള 24 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നും സെക്‌ഷൻ 4 അനുസരിച്ച് വില കൊടുത്തു വാങ്ങുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ലിന്റോ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും.
രാവിലെ പത്തിനാണ് ടൂറിസം വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ തുഷാരഗിരിയിലെത്തുക. സെക്‌ഷൻ 3 പ്രകാരം വനംവകുപ്പ് ഇ.പി.എൽ. ആയി പ്രഖ്യാപിച്ചതും സുപ്രീംകോടതി കൈവശക്കാരായ കർഷകർക്ക് തിരികെ നൽകണമെന്നും വിധിപ്രഖ്യാപിച്ച 24 ഏക്കർ ഭൂമിയാണ് വനംവകുപ്പ് ഏറ്റെടുക്കുക.
തുഷാരഗിരിയുടെ പ്രകൃതിദത്തമായ സ്വാഭാവികത നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ വനാതിർത്തി പങ്കിടുന്ന നിയോജകമണ്ഡലങ്ങളിലെ എം.എൽ.എ. മാരുമായി തിരുവനന്തപുരത്തുവെച്ച് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.






