Mukkam

സംസ്ഥാനപാത നവീകരണം: 31 കലുങ്കുകൾ,12 ബസ് ഷെൽറ്ററുകൾ പണിയും തിരുവമ്പാടി മണ്ഡലം അവലോകന യോഗം ചേർന്നു

മുക്കം: റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ നടക്കുന്ന കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാത തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നുപോകുന്ന കി.മീ 37.500 മുതൽ 51.020 വരെയുള്ള ഓമശ്ശേരി-എരഞ്ഞിമാവ് റീച്ചി​‍ൻെറ പ്രവൃത്തി അവലോകനയോഗം മുക്കത്ത് എം.എൽ.എ ഓഫിസിൽ നടന്നു.

തിരുവമ്പാടി മണ്ഡലത്തിലൂടെ 13.52 കി.മീ ദൂരത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കി.മീ 44.600 മുതൽ 51.020 വരെ (മുക്കം പാലം-എരഞ്ഞിമാവ്) 10 മീറ്റർ വീതിയിലും ബാക്കി ഓമശ്ശേരി വരെ ഏഴ്​ മീറ്റർ വീതിയിലുമാണ് ഗാരേജ് വേ. ഈ ദൂരത്തിനിടയിൽ പരമാവധി വീതിയിൽ രണ്ടു വശങ്ങളിലും അഴുക്കുചാലുകൾ സ്ഥാപിച്ച് മണ്ണിട്ട് ബലപ്പെടുത്തും. അഗസ്ത്യൻമുഴി, മുക്കം എന്നീ പാലങ്ങളുടെ ചെറിയ അറ്റകുറ്റപ്പണി പ്രവൃത്തികൾ നടക്കും. നടപ്പാത നിർമാണത്തിന്​ അനുമതി ലഭ്യമാക്കാനും തീരുമാനിച്ചു. ഈ റീച്ചിൽ 31 കലുങ്കുകൾ പണിയും. അഴുക്കുചാലുകൾക്ക്​ മീതെയാണ്​ നടപ്പാത പണിയുക.

പ്രധാന അങ്ങാടികളിൽ നടപ്പാത മീതെ ടൈൽ വിരിക്കാനും ഹാൻഡ്​​ റെയിലുകൾ സ്ഥാപിക്കാനും അനുമതി ആവശ്യപ്പെടും.12 ബസ് ഷെൽറ്ററുകൾ നിർമിക്കും. 30 കേന്ദ്രങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കും. മൂന്നിടങ്ങളിൽ ഹൈമാസ്​റ്റ്​ ലൈറ്റുകൾ സ്ഥാപിക്കും. വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നിടങ്ങളിൽ റോഡ് ഉയർത്തും. കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് പ്രോജക്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയുടെ കരാർ ശ്രീധന്യ കൺസ്ട്രക്​ഷൻസ് കമ്പനിയാണ് ഏറ്റെടുത്തത്​. യോഗത്തിൽ എം.എൽ.എക്കു പുറമേ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കെ.എസ്.ടി.പി എൻജിനീയർമാർ, കൺസൽട്ടൻസി, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button