തനിച്ചാക്കിയില്ല ഡി.വൈ.എഫ്.ഐ; അന്നമ്മയെ യാത്രയാക്കി ബഷീറും സഖാക്കളും

പുതുപ്പാടി: പുതുപ്പാടി സെന്റ് ജോർജ് കാത്തലിക്ക് ചർച്ച് സെമിത്തേരിയിലേക്ക് അന്നമ്മ കുര്യന്റെ ശവമഞ്ചവുമായി രാകേഷും ശാമിലും സികെ ബഷീറും നടന്നുനീങ്ങി. പതിമൂന്ന് വർഷമായി തനിച്ച് താമസിക്കുന്ന വെള്ളാരക്കാലയിൽ അന്നമ്മ കുര്യന് സിപിഐ എം പ്രവർത്തകരാണ് താങ്ങും തണലുമായത്. ഏക സഹോദരൻ കുര്യന്റെ മരണശേഷം ഒറ്റപ്പെട്ട ഇവരുടെ സംരക്ഷണം സിപിഐ എം ഏറ്റെടുത്തു. പുതുപ്പാടി ലോക്കൽകമ്മിറ്റിയംഗം സി കെ ബഷീറാണ് അന്നമ്മയെ പരിപാലിച്ചിരുന്നത്.
2007 ൽ വഴിത്തർക്കവുമായി ബന്ധപ്പെട്ട് തുടങ്ങിയ ബന്ധമാണ് ബഷീറിന് ഈ കുടുംബവുമായുള്ളത്. കൈതപ്പൊയിലിൽ ഇടിഞ്ഞ് വീഴാറായ ചെറിയ വീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ അത് വിറ്റ് വെസ്‌റ്റ് കൈതപ്പൊയിലിൽ വീട് വാങ്ങിനൽകി മാറ്റി താമസിപ്പിച്ചു. ഇടയ്‌ക്ക് വീണ് കാലുപൊട്ടി കിടപ്പിലായപ്പോഴും ബഷീറില്ലാതെ മറ്റാരും പരിപാലിക്കുന്നത് അന്നമ്മക്ക് ഇഷ്‌ടമല്ലായിരുന്നു. ബഷീറിന്റെ ബൈക്കിന് പിന്നിലിരുന്നുള്ള യാത്രയും അന്നമ്മച്ചേടത്തിയുടെ ഇഷ്‌ടങ്ങളിലൊന്നായിരുന്നു. വർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് തളർന്ന ഇവരെ പരിപാലിക്കാനായി സിപിഐ എം പ്രവർത്തകരും ബഷീറിനൊപ്പമെത്തിയിരുന്നു. ശനിയാഴ്‌ച രാവിലെ അവസാനതുളളി വെള്ളം നൽകിയതും ബഷീറായിരുന്നു. ആഴ്‌ചയിൽ ഒരു ദിവസം ചുണ്ടയിലെ പളളിയിൽ പോകുന്നതും വർഷത്തിലൊരു ദിവസം മാഹി പെരുന്നാള് കൂടുന്നതും അന്നമ്മയുടെ പതിവായിരുന്നു.
പെരുന്നാള് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ബഷീറിനുളള സമ്മാനപ്പൊതിയും ഇവർ മറക്കാറില്ലായിരുന്നു. അന്നമ്മക്ക് അന്ത്യചുംബനം നൽകാൻ ബന്ധുകളോടൊപ്പം ബഷീറുമുണ്ടായിരുന്നു. ലിന്റോജോസഫ് എംഎൽഎ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം ആർ പി ഭാസ്‌കരൻ, ഏരിയാ സെക്രട്ടറി കെ ബാബു, എം ഇ ജലീൽ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി വേലായുധൻ, എം ഇ ജലീൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരീഷ് ജോൺ, പി ആർ രാകേഷ്, സിപിഐ എം പുതുപ്പാടി ലോക്കൽ സെക്രട്ടറി പി കെ ഷൈജൽ എന്നിവർ അന്തിമോപചാരമർപ്പിച്ചു.







