മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായി

മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായി. ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ വിസ്മയ കാഴ്ചയായി നിൽക്കുന്ന തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് മലയോര ഗ്രാമങ്ങളിലെ ഭക്ത ജനങ്ങൾ സാക്ഷ്യം വഹിച്ചു. ജാതി മത ഭേദമന്യേ ആയിരങ്ങൾ പങ്കാളികളായി. ശിവരാത്രി നാളിൽ പുലർച്ചെ മുതൽ ക്ഷേത്രത്തിലേക്ക് വിവിധ വഴിപാടുകൾ കഴിക്കുന്നതിനും പൂജകൾ ചെയ്യുന്നതിനും ഭക്തരുടെ നീണ്ട നിരയായിരുന്നു.
വ്യത്യസ്ത മത വിഭാഗങ്ങളിൽ നിന്നുള്ളവരും ആഘോഷത്തിൽ പങ്കെടുക്കാറുണ്ട് എന്നതാണ് ഇവിടുത്തെ ശിവരാത്രി ആഘോഷത്തിന്റെ പ്രത്യേകത. ഇത്തവണയും ഉത്സവത്തിനെത്തിയെ ഭക്തർക്ക് മുക്കം അനാഥശാല സിഇഒയും മുൻ മഹല്ല് പ്രസിഡന്റുമായ വി.അബ്ദുല്ലക്കോയ ഹാജിയുടെ നാരങ്ങാ വെള്ള വിതരണവും ഉണ്ടായിരുന്നു. അഗസ്ത്യൻമൂഴിയിലെ തിരുവഞ്ചൂഴി ദേവീ ക്ഷേത്രത്തിൽ നിന്നുള്ള ശിവരാത്രി ഉത്സവ കൊടിയേറ്റം തൃക്കുടമണ്ണ ക്ഷേത്രത്തിലെത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
അഗസ്ത്യൻമൂഴിയിൽ നിന്ന് ബാൻഡ് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെയുള്ള വരവാഘോഷം ഉത്സവത്തിന് മിഴിവേകി. ലോകത്ത് നടക്കുന്ന യുദ്ധ ഭീകരതയ്ക്കെതിരെ വിദ്യാർഥികളെ അണിനിരത്തിയുള്ള നിശ്ചല ദൃശ്യവും റാലിയും വേറിട്ട കാഴ്ചയായി.അഗസ്ത്യൻമൂഴിയിൽ നിന്നുള്ള ദേശത്തിന്റെ വരവ് ആലിൻചുവട് ചുറ്റി ക്ഷേത്രത്തിലേക്ക് നീങ്ങുകയായിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് സർപ്പബലി, ആയിരം കുട ധാര, മഹാരുദ്രാഭിഷേകം,അഗസ്ത്യമുനി പൂജ എന്നിവ നടത്തി.
ക്ഷേത്രം പ്രസിഡന്റ് ശശീധരൻ ഊരാളിക്കുന്ന്, സെക്രട്ടറി സജീഷ് വായലത്ത്,ട്രഷറർ കെ.കെ.ചന്ദ്രൻ, ഉത്സവ കമ്മിറ്റി ചെയർമാൻ സുകു ഇരുൾകുന്നുമ്മൽ,കൺവീനർ രാജേഷൻ വെള്ളാരംകുന്നത്ത്,ഉത്സവ കമ്മിറ്റി ട്രഷറർ പ്രകാശൻ തറോംകണ്ടിയിൽ, ജയപ്രകാശൻ തേലംപറ്റതാഴത്ത്, മോഹനൻ കുണ്ടാറ്റുമണ്ണിൽ, എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം തന്ത്രി കിഴക്കുംപാട്ട് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി താമരക്കുളം ഇല്ലത്ത് നാരായണൻ നമ്പൂതിരി എന്നിവർ പൂജാദി കർമങ്ങൾക്ക് കാർമികത്വം വഹിച്ചു.







