മൈലെള്ളാംപാറ സെന്റ് തോമസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

പുതുപ്പാടി : മൈലെള്ളാംപാറ സെന്റ് തോമസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനും ഈശോയുടെ പ്രിയശിഷ്യനുമായ വിശുദ്ധ തോമാശ്ലീഹായുടെയും സ്വർഗ്ഗീയ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്ത തിരുനാൾ മഹോത്സവത്തിന് തുടക്കമായി.
വികാരി ഫാദർ അഗസ്റ്റിൻ പാട്ടാനിയിൽ കൊടിയേറ്റി. വിശുദ്ധ കുർബാനയ്ക്ക് ശേഷം സിമിത്തേരി സന്ദർശനവും പ്രാർത്ഥനയും നടത്തി. പ്രധാനതിരുനാൾ ദിവസങ്ങളായ ശനിയും ഞായറും മലയോരകർഷക ജനതയുടെ വിശ്വാസപ്രഘോഷണത്തിന്റെ വേദിയായി മൈലെള്ളാംപാറ മാറും. ശനിയാഴ്ച രാവിലെ 7 മണിക്ക് രോഗികൾക്കും വയോധികർക്കും വേണ്ടി പ്രത്യേകമായി ദിവ്യബലി അർപ്പിക്കും.
വൈകുന്നേരം നാലുമണിക്ക് വാദ്യമേളങ്ങൾ അരങ്ങേറും. ചെണ്ടമേളവും ബാൻഡ് മേളവും നാസിക് ധോലും തിരുനാളിന് മാറ്റുകൂട്ടും. വൈകുന്നേരം 5 മണിക്ക് ഫാദർ ടിനു പനച്ചിക്കൽ ആഘോഷമായ തിരുനാൾ കുർബാനക്ക് കാർമ്മികത്വം വഹിക്കും. തുടർന്ന് കണ്ണപ്പൻകുണ്ട് കുരിശു പള്ളിയിലേക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു കൊണ്ട് ആഘോഷപൂർണ്ണമായ തിരുനാൾ പ്രദക്ഷിണവും, കണ്ണിനും കാതിനും ആനന്ദവിസ്മയം തീർക്കുന്ന കരിമരുന്ന് കലാപ്രകടനവും മൈലെള്ളാംപാറയുടെ തിലകക്കുറിയായ ദേവാലയത്തിന്റെ തിരുനാൾ മഹോത്സവ ആഘോഷങ്ങൾക്ക് തിളക്കം കൂട്ടും.
ഇരുപത്തിനാലാം തിയ്യതി ഞായറാഴ്ച രാവിലെ9.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ലിസ്സ കോളേജ് പ്രിൻസിപ്പൽ ഫാദർ നിജു തലച്ചിറ CST നേതൃത്വം നൽകും. തുടർന്ന് ദേവാലയം ചുറ്റി പ്രദക്ഷിണവും നടക്കും. 12.30ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമായ സ്നേഹവിരുന്നും, 2മണിക്ക് തിരുനാൾ ആഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കും നടക്കും







