Mukkam

വാതിൽപ്പടി സേവനത്തിൽ സ്തുത്യർഹമായ നേട്ടം; വളണ്ടിയർമാർക്ക് ആദരമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

മുക്കം: പ്രായാധിക്യവും ഗുരുതര രോഗവും കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മറ്റാരുടെയും ആശ്രയമില്ലാത്തത് കാരണം സർക്കാർ സേവനങ്ങൾ ലഭിക്കാത്തവർ തുടങ്ങി സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവർ, അതിദരിദ്രർ എന്നീ വിഭാഗത്തിൽ പെടുന്നവർക്ക് സർക്കാർ സേവനം വീടുകളിൽ എത്തിക്കുന്ന പദ്ധതിയായവാതിൽപ്പടി സേവനം മികച്ച രീതിയിൽ നടപ്പാക്കുകയും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം നടത്താൻ പഞ്ചായത്തിനൊപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്ത വാതിൽപ്പടി വളണ്ടിയർമാർക്ക് ആദരമൊരുക്കി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ 350 വാതിൽപ്പടി ഗുണഭോക്താക്കൾക്കായി സേവനം ചെയ്യുന്ന 45 വളണ്ടിയർമാർക്കാണ് പഞ്ചായത്ത് ആദരവ് നൽകിയത്. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ വാതിൽപ്പടി സേവനം പൈലറ്റ് പദ്ധതിയായി ആദ്യഘട്ടത്തിൽ ആരംഭിച്ച 2 പഞ്ചായത്തുകളിൽ ഒന്നാണ് കൊടിയത്തൂർ. പദ്ധതി വഴി ആധാർ കാർഡ് മൊബൈൽ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗിക്ക് വീട്ടിലെത്തി സേവനം നൽകിയതിന് പുറമെ, കാലങ്ങളായി ആധാർ കാർഡ് ഇല്ലാത്തത് കാരണം സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരുന്ന 2 പേർക്ക് വീടുകളിലെത്തി ആധാർ കാർഡ് എടുത്തു നൽകുകയും ചെയ്തു. വിവിധ കാരണങ്ങളാൽ പെൻഷൻ തടയപ്പെട്ട 3 പേർക്ക് പെൻഷൻ ലഭ്യമാകുന്നതിനും പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.

കോവിഡ് വാക്സിൻ ആവശ്യമുള്ളവർക്ക് അതും വീടുകളിലെത്തിച്ച് നൽകിയിരുന്നു. മാത്രമല്ല വീട്ടിലേക്കാവശ്യമായ സാധനങ്ങളും വളണ്ടിയർമാർ എത്തിച്ചു നൽകുന്നുണ്ട്. ഇതോടൊപ്പം വാട്ടർ ബെഡ്, ഷുഗർ മെഷീൻ, മരുന്നുകൾ എന്നിവയും വീടുകളിലെത്തിച്ച് നൽകിയിട്ടുണ്ട്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടു മുറി അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, അബ്ദുൽ മജീദ് രിഹ്ല, കരീം പഴങ്കൽ, ടി.കെ അബൂബക്കർ, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button