Mukkam

കോളേജിലേക്ക് ബൈക്ക്കൊണ്ടുവന്നതിന് വിദ്യാർഥിക്ക് മർദനം

മുക്കം : കോളേജിലേക്ക് ബൈക്ക് കൊണ്ടു വന്നതിന് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. മുക്കം ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി മുക്കം കുമാരനല്ലൂർ കമ്പളത്താഴത്ത് അഹമ്മദ് മുഹ്‌ലിസിനാണ് മർദനമേറ്റത്.

സംഭവംനടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് കേസെടുത്തിട്ടില്ലെന്നും സസ്പെൻഷനിലായ വിദ്യാർഥികളെ നാലുദിവസത്തിനുശേഷം പ്രിൻസിപ്പൽ തിരിച്ചെടുത്തതായും ആരോപണമുണ്ട്. അക്രമികളിൽ ഒരാൾക്ക് മാനേജ്മെന്റുമായുള്ള അടുത്ത ബന്ധമാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. എന്നാൽ സാക്ഷിമൊഴികൾ അനുസരിച്ച് ഒരാൾമാത്രമാണ് മർദിച്ചതെന്നും ഈ വിദ്യാർഥിയെ ഇതുവരെ തിരിച്ചെടുത്തിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കോളജിലേക്ക് ബൈക്ക് കൊണ്ടുവന്നതിന് സീനിയർ വിദ്യാർഥികൾ സംഘംചേർന്ന് വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്നും അതിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരേ പരാതി നൽകിയതായും മുഹ്‌ലിസ് പറഞ്ഞു. നട്ടെല്ലിനും കഴുത്തിനും കണ്ണിനും സാരമായി പരിക്കേറ്റ മുഹ്‌ലിസ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

പരീക്ഷയ്ക്ക് കോളേജിൽ ബൈക്കിലെത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ സംഘടിച്ചെത്തി മർദിക്കുകയായിരുന്നുവെന്നും പട്ടികയും കല്ലും ഉപയോഗിച്ച് തലയ്ക്കടിച്ചതായും ഇതിനെത്തുടർന്ന് ബോധം നഷ്ടപ്പെട്ട് നിലത്തുവീണതായും മുഹ്‌ലിസ് പറഞ്ഞു. കോളേജ് അധികൃതർ ഇതുവരെ പോലീസിൽ പരാതിനൽകിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും വിദ്യാർഥിയുടെ പരാതി ലഭിച്ച അന്നുതന്നെ കോളേജ് പോലീസിന് പരാതി കൈമാറിയിരുന്നുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.എന്നാൽ കോളേജ് അധികൃതർ അടിപിടി എന്ന രീതിയിലാണ് കേസ് നൽകിയതെന്നും ഇരുവിഭാഗങ്ങളും സംസാരിച്ച് പ്രശ്നംപരിഹരിക്കാമെന്ന് അറിയിച്ചതിനാലാണ് കേസെടുക്കാതിരുന്നതെന്നും മുക്കം ഇൻസ്പെക്ടർ പറഞ്ഞു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിക്കും മുഹ്‌ലിസിന്റെ സഹോദരൻ പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button