Thiruvambady

റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒടുവിൽ പോലീസ് കേസെടുത്തു

തിരുവമ്പടി: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾവാങ്ങി മുങ്ങിയതുമായി ബന്ധപ്പെട്ട് ഇരകളുടെ പരാതിയിൽ ഒടുവിൽ പോലീസ് കേസെടുത്തു. മലപ്പുറം എടപ്പാൾ വട്ടംകുളം കവുപ്ര അശ്വതി വാരിയർ, കോഴിക്കോട് മുക്കം വല്ലത്തായ്‌പ്പാറ മണ്ണാർക്കണ്ടി എം.കെ. ഷിജു എന്നിവരുടെ പേരിലാണ്‌ മുക്കം പോലീസ് കേസെടുത്തത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി േസ്റ്റഷൻ ഇൻസ്പെക്ടർ കെ. പ്രജീഷ് പറഞ്ഞു.

തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധസ്റ്റേഷനുകളിൽ പരാതികൾ ഉണ്ട്. അതേസമയം, തട്ടിപ്പ് സംഘത്തെക്കുറിച്ച് വാർത്തകൾ വന്നതോടെ കൂടുതൽ പേർ പരാതികളുമായി രംഗത്ത് വന്നിരിക്കുകയാണ്. മലബാറിൽ മാത്രം ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായതായാണ് പോലീസിന്റെ നിഗമനം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയിൽ ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ്. ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ വ്യാജനിയമന ഉത്തരവും നൽകുകയുണ്ടായി. കോവിഡ് കാലമായതിനാൽ വർക്ക്‌ അറ്റ് ഹോം എന്ന് പറഞ്ഞായിരുന്നു ഇല്ലാത്ത ജോലി നൽകിയിരുന്നത്. റെയിൽവേ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ അശ്വതി വാരിയരാണ് തട്ടിപ്പ് സംഘത്തിന് നേതൃത്വം വഹിച്ചിരുന്നത്.

മുക്കം വല്ലത്തായിപാറ സ്വദേശി എം.കെ. ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരൻ. എസ്.സി. മോർച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാൾ ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി. ജെ.പി. ദേശീയനിർവാഹകസമിതി അംഗവുമായ പി.കെ. കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗപ്പെടുത്തിയിരുന്നതായി പാർട്ടി പ്രാദേശികനേതൃത്വം പറയുന്നു. ഇയാളെ പദവിയിൽ നിന്ന് സസ്പെൻഡ്‌ ചെയ്തിരിക്കുകയാണ്.

കൃഷ്ണദാസിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചുകൊടുത്ത് ആളുകളുടെ വിശ്വാസം ഉറപ്പു വരുത്തുകയായിരുന്നു. പാർട്ടി കുടുംബാംഗങ്ങളാണ് തട്ടിപ്പിനിരയായവരിലേറെയും. തുടക്കത്തിൽ 35,000 രൂപ വരെ പ്രതിഫലം നൽകിയിരുന്നു. മാന്യമായ ശമ്പളം ലഭിച്ചു തുടങ്ങിയതോടെ പലരും കണ്ണിവികസിപ്പിച്ചു. ഇതോടെ തട്ടിപ്പ് സംഘത്തിന് കോടികൾ വന്നുചേർന്നതോടെ പ്രതിഫലം നൽകുന്നത് നിർത്തി മുങ്ങുകയായിരുന്നു.

Related Articles

Leave a Reply

Back to top button