ഇന്ത്യക്കാരെ എത്തിക്കാൻ എയർ ഇന്ത്യ ചൈനയിലെത്തി; 366 പേരെ നാളെ എത്തിക്കും; ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും

വുഹാൻ/ന്യൂഡൽഹി: കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ ജംബോ വിമാനം ചൈനയിൽ ലാന്റ് ചെയ്തു. വുഹാനിൽ നിന്നും 366 പേരുമായി നാളെ തന്നെ വിമാനം തിരിക്കുമെന്നാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവരെ മനേസറിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികൾക്കായി സഫ്ദർ ജങ് ആശുപത്രിയിൽ 50 കിടക്കകളും ഐസൊലേഷൻ വാർഡും ആരോഗ്യമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ രാവിലെയോടെ ഡൽഹിയിലെത്തും. വുഹാനിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് എയർ ഇന്ത്യ ബോയിങ് 747 വിമാനം ഇന്ത്യയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഞ്ചംഗ ഡോക്ടർമാരുടെ സംഘവും ജീവനക്കാരോടൊപ്പം വിമാനത്തിലുണ്ട്. ആദ്യ സംഘത്തിൽ മലയാളികളും ഉണ്ടാകുമെന്നാണ് സൂചന. വിമാനത്താവളത്തിൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസും എയർപോർട്ട് ഹെൽത്ത് അതോറിറ്റിയും പ്രാഥമിക പരിശോധനകൾ നടത്തും.
രോഗ ലക്ഷണം കാണിക്കുന്നവരെ ഡൽഹി കന്റോൺമെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാർഡിലേക്കാണ് മാറ്റുക. മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും. അതിനായി ഗുഡ്ഗാവ് മനേസറിലും ഡൽഹി ചാവ്‌ലയിലെ ഇൻഡോ ടിബറ്റൻ ബോഡർ പോലീസ് ക്യാമ്പിലും ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മനേസ്വറിൽ മുന്നൂറ് പേർക്ക് താമസിക്കാം. ഇവിടെ പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം നടത്തുന്ന പരിശോധനയിൽ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയക്കൂ.
അതേസമയം, ആദ്യ സംഘത്തിന് പിന്നാലെ രണ്ടാമത്തെ സംഘത്തേയും രക്ഷപ്പെടുത്താനായി എയർ ഇന്ത്യയുടെ തന്നെ രണ്ടാമത്തെ വിമാനം നാളെ വുഹാനിലേക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.







