ഭൂമി കണ്ടെത്തിയില്ല: ഗവ. പോളിടെക്നിക്ക് മുക്കത്തിന് നഷ്ടമാവും

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മുക്കം നഗര സഭയ്ക്ക് അനുവദിച്ച ഗവ. പോളിടെക്നിക്ക് മുക്കത്തിന് നഷ്ടമാവുന്നു. അനുവദിച്ച് ഏഴു വർഷം പിന്നിട്ടിട്ടും തുടർ നടപടികൾ ഇതുവരെ എങ്ങുമെത്തിയില്ല. പോളിടെക്നിക്കിന് ആവശ്യമായ ഭൂമി കണ്ടെത്താൻ സാധിക്കാത്തതാണ് മലയോര ജനതയുടെ സ്വപ്ന പദ്ധതിയ്ക്ക് തിരിച്ചടിയാകുന്നത്.
നൂറ് കണക്കിന് വിദ്യാർഥികൾക്ക് തുടർ പഠനം സാധ്യമാക്കുന്ന ഗവ. പോളിടെക്നിക്ക് എന്ന് യഥാർഥ്യമാകുമെന്ന് അധികൃതർക്കും യാതൊരു ഉറപ്പുമില്ല. അതേ സമയം മുക്കം നഗരസഭയിൽ പോളിടെക്നിക് യാഥാർത്ഥ്യമാവില്ലെന്ന് ഏകദേശം ഉറപ്പായതോടെ മണ്ഡലത്തിൽ തന്നെ മറ്റ് പഞ്ചായത്തുകളിൽ സ്ഥലം ലഭ്യമാവുന്നതിനെ കുറിച്ചും അന്വേഷണം തുടങ്ങി.
ഇതിന്റെ ഭാഗമായി സ്ഥലം ലഭ്യമാണോ എന്ന് തിരക്കി സ്പെഷ്യൽ ഓഫീസർ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റിന് കത്തയച്ചു. ഭൂമി ലഭ്യമായില്ലെങ്കിൽ സ്ഥാപനം മറ്റ് മണ്ഡലങ്ങളിലേക്ക് മാറ്റേണ്ട അവസ്ഥയാണന്നും കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ പദ്ധതിക്ക് അനുയോജ്യമായ ചുരുങ്ങിയത് അഞ്ച് ഏക്കർ സർക്കാർ ഭൂമിയോ സൗജന്യമായി കൈമാറാൻ കഴിയുന്ന ഭൂമിയോ ലഭ്യമാണങ്കിൽ അറിയിക്കണമെന്നും കത്തിൽ പറയുന്നു.
കൊടിയത്തൂർ പഞ്ചായത്തിൽ നിലവിൽ അഞ്ച് ഏക്കർ സർക്കാർ ഭൂമി ഇല്ലെന്നും എന്നാൽ നൂറ് കണക്കിന് വിദ്യാർഥികൾക്ക് ആശ്രയമായ ഒരു സർക്കാർ സ്ഥാപനം ആരംഭിക്കുന്നതിന് ഭൂമിയുള്ള സ്വകാര്യ വ്യക്തികളിൽ നിന്ന് സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ പറ്റുമോ എന്ന് പരിശോധിക്കുമെന്ന് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമായാൽ അത് പഞ്ചായത്തിൽ സമഗ്ര പുരോഗതിക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും കാരണമാവുമെന്നും പ്രസിഡന്റ് പറഞ്ഞു.







