നവീകരണപ്രവൃത്തി നടക്കുന്ന മണാശ്ശേരി-പുൽപ്പറമ്പ് റോഡിൽ യാത്രക്കാർക്ക് ദുരിതയാത്ര

മുക്കം : നവീകരണപ്രവൃത്തി നടക്കുന്ന മണാശ്ശേരി-പുൽപ്പറമ്പ് റോഡിൽ യാത്രക്കാർക്ക് ദുരിതയാത്ര. രണ്ടുദിവസമായി പെയ്യുന്ന മഴയിൽ റോഡ് ചെളിക്കുളമായതോടെ കാൽനടയാത്രപോലും ദുസ്സഹമായ അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഒട്ടേറെ ഇരുചക്രവാഹനയാത്രക്കാരാണ് ചെളിയിൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് വീഴുന്നത്.
പൊറ്റശ്ശേരിക്കും വെസ്റ്റ് ചേന്ദമംഗലൂരിനും ഇടയിലുള്ള വയൽപ്രദേശത്ത് റോഡ് മൂന്നുമീറ്ററോളം ഉയർത്തുന്ന പ്രവൃത്തി കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ റോഡിന്റെ ഒരുഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. ഒരുഭാഗത്ത് മണ്ണിട്ട് നികത്തിയശേഷം അടുത്തഭാഗവും സമാനമായ രീതിയിൽ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, മഴ ചതിച്ചു. ശക്തമായ മഴയിൽ മണ്ണ് താഴെ റോഡിലേക്ക് ഇറങ്ങിയതോടെ റോഡാകെ ചെളി നിറഞ്ഞു. റോഡരികിൽ കരിങ്കല്ലുകൊണ്ട് കെട്ടിയ ഭിത്തിയിലൂടെയാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്.
പ്രശ്നത്തിന് എത്രയുംപെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. പൊതുമരാമത്ത് വകുപ്പ് കിഫ്ബി സഹായധനത്തോടെ 28 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. മണാശ്ശേരിമുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ആറു കിലോമീറ്റർ ദൈർഘ്യമുള്ള പാത ഏഴുമീറ്റർ വീതിയിൽ ബി.എം. ആൻഡ് ബി.സി. ചെയ്തു നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. റോഡിൽ പതിക്കുന്ന മഴവെള്ളം ഒഴുക്കിവിടാൻ ഓവുചാലും കാൽനടയാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഇരുവശവും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. സ്കൂൾപരിസരങ്ങളിലും ജങ്ഷനുകളിലും കൈവരിയും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.







