Mukkam

അധ്യാപകനും വിദ്യാർഥികൾക്കും നാടിന്റെ ആദരം

മുക്കം : സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. തനതിടം പദ്ധതിക്കുള്ള പുരസ്കാരത്തിന് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിനെ പ്രാപ്തമാക്കിയ അധ്യാപകനും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ എൻ.കെ. സലീമിനും വിദ്യാർഥികൾക്കും നാടിന്റെ ആദരം. ‘തനതാദരം’ പരിപാടി വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങൾ വലിയ മാറ്റത്തിന്റെ പാതയിലാണെന്നും എൻ.എസ്.എസ്. തനതിടം പദ്ധതി സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. മുക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി അധ്യക്ഷയായി.

സ്കൂളിൽ കാടുപിടിച്ചുകിടന്ന സ്ഥലത്ത് തനതിടം പദ്ധതിയുടെ ഭാഗമായി നിർമിച്ച ഓപ്പൺ സ്റ്റേജ് ആൻഡ് ഓഡിറ്റോറിയമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. എട്ടരലക്ഷത്തോളം രൂപ ചെലവിട്ടാണ് നിർമിച്ചത്. എൻ.എസ്.എസ്. വൊളന്റിയർ, ഇസ്‍ലാഹിയ അസോസിയേഷൻ, ചേന്ദമംഗലൂരിലെ റെസിഡന്റ്സ് അസോസിയേഷനുകൾ, നാട്ടുകാർ, അധ്യാപകർ, പൂർവാധ്യാപക -വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് തനതിടം യാഥാർഥ്യമായത്. പ്രിൻസിപ്പൽ ഒ. ഷെരീഫുദ്ദീൻ, ഒ. അബ്ദുറഹ്മാൻ, മുൻ പ്രിൻസിപ്പൽ ടി. അബ്ദുള്ള, കെ. സുബൈർ, കെ.പി.യു. അലി, നഗരസഭാ കൗൺസിലർമാരായ സാറ കൂടാരം, എ. അബ്ദുൾഗഫൂർ, എം. മധു, റംലാ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button