Kerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതിനായി സ്വീകരിക്കുന്ന സുരക്ഷാ ഒരുക്കങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി അവശേഷിക്കുന്ന പരീക്ഷള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായി സ്വീകരിക്കുന്ന മുന്നൊരുക്കങ്ങള്‍ ഇങ്ങനെ:

1. കണ്ടെയ്ന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളിലെ പരീക്ഷകള്‍, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരുന്നത് സംബന്ധിച്ച തീരുമാനം എന്നിവയിലും ധാരണയായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്റീന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും.

2. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമായിരിക്കും.

3. ആളുകള്‍ ഹോം ക്വാറന്റീനില്‍ കഴിയുന്ന വീടുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കും.

4. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. അതിന്റെ അടിസ്ഥാനത്തില്‍ വൈദ്യ പരിശോധന വേണ്ടവര്‍ക്ക് അത് നല്‍കാനുള്ള സൗകര്യവും സ്‌കൂളുകളില്‍ ഉണ്ടാകും.

5. അധ്യാപകര്‍ ഗ്ലസ് ധരിക്കും.

6. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാ കേന്ദ്രത്തില്‍ സൂക്ഷിക്കും.

7. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ ഉടനെ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാവൂ.

8. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും.

9. തെര്‍മല്‍ സ്‌ക്രീനിംഗിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആര്‍ തെര്‍മോ മീറ്റര്‍ വാങ്ങും.

10. ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

11. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകള്‍ അടങ്ങിയ അറിയിപ്പും മാസ്‌കും വീടുകളില്‍ എത്തിക്കാന്‍ സമഗ്ര ശിക്ഷാ കേരളയെ ഏര്‍പ്പെടുത്തി.

12. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയല്‍സെക്കന്‍ഡറി വിഭാഗം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മാസ്‌കുകള്‍ എന്‍എസ്എസ് വഴി വിതരണം ചെയ്യും.

13. തദ്ദേശ സ്വയംഭരണവകുപ്പ്, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, ഗതാഗത വകുപ്പ് ഇവരുടെയെല്ലാം പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും.

Related Articles

Leave a Reply

Back to top button