Thiruvambady
റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ശ്രദ്ധേയനായി; തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ ഏബൽ എബ്രഹാം

തിരുവമ്പാടി: വടകരയിൽ നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഏബൽ എബ്രഹാം.
യു.പി. വിഭാഗം ഉറുദു പദ്യം ചൊല്ലൽ വേദിയിൽ വീൽച്ചെയറിലിരുന്നു പാടി കാണികളുടെ ഹൃദയം കീഴടക്കിയ ഈ കൊച്ചുമിടുക്കൻ, പാടിത്തീരും മുമ്പേ സദസ്സ് എഴുന്നേറ്റു നിന്ന് കൈയടിച്ചു. പിന്നാലെ വിധികർത്താക്കളും ഏബലിന്റെ പാട്ടിന് എ ഗ്രേഡ് നൽകി.
ഫൈസ് അഹമ്മദ് ഫൈസിന്റെ ‘ഹം ദേഖേംഗേ’ എന്ന കവിതയാണ് ഏബൽ മധുരമായി പാടിയത്. വിധി വീൽച്ചെയറിലൊതുക്കിയ ജീവിതത്തിനുമുന്നിൽ തോറ്റുകൊടുക്കാതെ പുഞ്ചിരിയോടെ നേരിടുകയാണ് ഭിന്നശേഷിക്കാരനായ ഏബൽ.
സംഗീതവും, കീബോർഡും അഭ്യസിക്കുന്ന ഏബൽ പുസ്തകങ്ങളുടെയും കൂട്ടുകാരനാണ്. മകന്റെ ഇഷ്ടങ്ങൾക്കൊപ്പം താങ്ങും തണലുമായി അച്ഛൻ സുനിൽ എബ്രഹാമും, അമ്മ ഷാർലറ്റും എപ്പോഴും ഒപ്പമുണ്ട്.







