മുക്കം മണ്ഡലം സി.ഐ.ഇ.ആർ മദ്രസ്സ സർഗോത്സവത്തിന് ഉജ്ജ്വല സമാപനം

കൊടിയത്തൂർ: മുക്കം മണ്ഡലം സി.ഐ.ഇ.ആർ മദ്രസ്സ സർഗോത്സവത്തിന് സമാപനം കുറിച്ചു. വിദ്യാർത്ഥി സമൂഹത്തിലും കൗമാരക്കാരിലും വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വ്യാപനത്തിന് തടയിടാൻ ധാർമ്മിക മൂല്യങ്ങളിലൂന്നിയ കലാ സാഹിത്യ രംഗങ്ങളിലെ മൽസരങ്ങൾക്കും മുന്നേറ്റങ്ങൾക്കും കഴിയുമെന്ന് കൊടിയത്തൂരിൽ സമാപിച്ച മുക്കം മണ്ഡലം സി.ഐ.ഇ.ആർ.എം.എസ്.എം സർഗ്ഗോത്സവ് അഭിപ്രായപ്പെട്ടു. അഞ്ചു വിഭാഗങ്ങളിൽ എഴുപത് ഇനങ്ങളിലായി നടന്ന മൽസരത്തിൽ സൗത്ത് കൊടിയത്തൂർ ശാഖ ഓവറോൾ ചാമ്പ്യൻമാരായി, നെല്ലിക്കാപ്പറമ്പ്, ചെറുവാടി ശാഖകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രണ്ട് ദിവസമായി സൗത്ത് കൊടിയത്തൂരിൽ നടന്നു വന്നിരുന്ന മുക്കം മണ്ഡലം സർഗ്ഗോൽസവ സമാപനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക കോംപ്ലക്സ് സെക്രട്ടരി വീരാൻകുട്ടി മാസ്റ്റർ ആദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, കെ.എൻ.എം മണ്ഡലം സെക്രട്ടറി ആസാദ് കൂളിമാട്, സി.പി സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും കെ.എൻ.എം ജില്ലാ സെക്രട്ടറി പി അബ്ദുൽ മജീദ് മദനിയും പി.സി അബ്ദുറഹിമാനും ചേർന്ന് വിതരണം ചെയ്തു. പി.സി അബ്ദുൽ ഗഫൂർ, ഷൈജൽ കക്കാട്, സാദിഖ് കൂളിമാട്, കെ.പി.എ റഹ്മാൻ, ജാസിം കെ, ശാക്കിർ കെ, അനീബ് പി, നിഹ്‌ല പി, മുഫീദാ ഫെമി, ഹിബ കെ.ടി, അമീനാ ഹുസ്ന, ജൽവ കൊടിയത്തൂർ, ഷാദിയ കെ, ഹെന്ന എൻ.കെ, അൽതാഫ് ചേന്ദമംഗലൂർ, ലുഖ്മാൻ കക്കാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







