Kerala

അവിനാശിയിലെ അപകടം: മരിച്ച 19 പേരിൽ 18 പേരും മലയാളികൾ; പതിനൊന്നുപേരെ തിരിച്ചറിഞ്ഞു

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി വോൾവോ ബസിലേക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരിൽ 18 പേരും മലയാളികൾ. ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസിലേക്ക് ട്രാക്ക്മാറി പാഞ്ഞെത്തിയ കണ്ടെയ്‌നർ ലോറി ഇടിച്ചു കയറുകയായിരുന്നു.

മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. റോസ്‌ലി ( പാലക്കാട്), ഗിരീഷ് ( എറണാകുളം), ഇഗ്‌നി റാഫേൽ ( ഒല്ലൂർ,തൃശ്ശൂർ), കിരൺ കുമാർ, ഹനീഷ് ( തൃശ്ശൂർ), ശിവകുമാർ ( ഒറ്റപ്പാലം), രാജേഷ് കെ (പാലക്കാട്), ജിസ്‌മോൻ ഷാജു ( തുറവൂർ), നസീബ് മുഹമ്മദ് അലി ( തൃശ്ശൂർ), ഐശ്വര്യ, കെഎസ്ആർടിസി ഡ്രൈവർ ബൈജു, ഡ്രൈവ കം കണ്ടക്ടറായ ടിഡി ഗിരീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെഎസ്ആർടിസി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്‌നർ ലോറിയാണ് അപകടമുണ്ടാക്കിയത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൽ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസർവ് ചെയ്തിരുന്നത്.

Related Articles

Leave a Reply

Back to top button