തിരുപ്പിറവിയെ ആഘോഷപൂർവമായി വരവേറ്റ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദൈവാലയം

തിരുവമ്പാടി: സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സദ്വാർത്തയായ ക്രിസ്തുമസ് സന്ദേശം നാടെങ്ങും നൽകികൊണ്ട് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദൈവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി. ഇടവകയിലെ വിവിധ കുടുംബയൂണിറ്റുകൾ മാറ്റുരച്ച കരോൾഗാന മത്സരവും തിരുവമ്പാടി കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷപൂർവ്വമായ ടൌൺ കരോളും ക്രിസ്തുമസിന്റെ സ്നേഹസന്ദേശം പകരുന്നവയായിരുന്നു.
ഡിസംബർ ഒന്നിന് ഇരുപത്തിയഞ്ച് നോമ്പ് ആരംഭത്തോടുകൂടി തുടക്കം കുറിച്ച ഇടവകയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 24ന് വൈകുന്നേരം നടന്ന യുണിറ്റ് കാരോളിനും ശേഷം രാത്രി 11:30ന് ദൈവാലയത്തിൽ ആരംഭിച്ച ക്രിസ്തുമസ് തിരുക്കർമങ്ങളോടെയാണ് പൂർണതയിലെത്തിയത്. പാതിരാ കുർബാനയിലും തുടർന്ന് ദൈവാലയത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടികളിലും ഇടവകയിലെ മുഴുവൻ വിശ്വാസികളും പങ്കാളികളായി. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി മനോഹരമായ പുൽക്കൂടും പള്ളിയങ്കണത്തിൽ ഒരുക്കി.







