Kodiyathur

കൊടിയത്തൂരിൽ ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു

കൊടിയത്തൂർ: സ്ത്രീകൾ, കുട്ടികൾ, എസ്.സി-എസ്.ടി വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നൽകുന്ന പദ്ധതിയായ ലീഗൽ എയ്ഡ് ക്ലിനിക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ലീഗൽ എയ്ഡ് ക്ലിനിക് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിയമ സേവന അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ നിസാർ അഹമ്മദ് നിർവഹിച്ചു.

മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള പുരുഷൻമാർക്കും വരുമാന പരിധിയില്ലാതെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. ദേശീയ തലത്തിൽ 22 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊടിയത്തൂരിലും പദ്ധതി നടപ്പിൽ വരുന്നത്. പദ്ധതിപ്രകാരം ഏത് തരം കേസുകളിലും ഏത് ഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി ലഭിക്കും. ജാമ്യാപേക്ഷ, റിമാൻഡ്, അറസ്റ്റിനു മുൻപുള്ള ഘട്ടം തുടങ്ങിയവക്കെല്ലാം നിയമസഹായം ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി നിയമ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തി നിയമസഹായ ക്യാമ്പയിനും പഞ്ചായത്തിൽ സംഘടിപ്പിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് ജഡ്ജ് എം.പി ഷൈജൽ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം നാസർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button