ആദിവാസികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും; കെ.കെ ശൈലജ

തിരുവമ്പാടി: സി.പി.എം ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി എം.എൽ.എയും മുൻമന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജ തിരുവമ്പാടിയിലെ വിവിധ ആദിവാസി മേഖലകളിൽ സന്ദർശനം നടത്തി. കൊടക്കാട്ട്പാറ മേലെപൊന്നാങ്കയം ആദിവാസി കോളനി, ചെമ്പുകടവ് ആദിവാസി കോളനി എന്നിവിടങ്ങളിലാണ് പരിപാടിയുടെ ഭാഗമായി സന്ദർശനം നടത്തിയത്.
തിരുവമ്പാടിയുടെ മലയോരമേഖലയിലെ ആദിവാസി കോളനികളിൽ അന്തേവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സന്ദർശനവേളയിൽ എം.എൽ.എ വ്യക്തമാക്കി. സന്ദർശനവേളയിൽ മുത്തപ്പൻപ്പുഴ ആദിവാസി കോളനി അന്തേവാസികൾ നിവേദനം നൽകി.
സി.പി.എം ലോക്കൽ സെക്രട്ടറി സി.എൻ പുരുഷോത്തമൻ, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ഗ്രാമപ്പഞ്ചായത്തംഗം
കെ.ഡി ആന്റണി, ഏരിയാ സെക്രട്ടറി വി.കെ വിനോദ്, ജോളി ജോസഫ്, കെ.എം ബേബി, പി.ടി അഗസ്റ്റിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥിനി അർച്ചന സനൽ എം.എൽ.എമാരുടെ ചിത്രങ്ങൾ വരച്ച് ഇരുവർക്കും സമ്മാനിച്ചു.







