മലയോരത്തിന്റെ ഉത്സവനഗരിയിൽ തിരക്കേറുന്നു; മുക്കം ഫെസ്റ്റിൽ ഇന്ന് ഫോക് ഈവ്

മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മുക്കം ഫെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ഫെസ്റ്റ് ഗ്രൗണ്ട് ജനസാഗരമായി. രണ്ടാം ദിനത്തിലെ സാംസ്‌കാരിക സന്ധ്യ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിന് ഇത്തരം ഹാപ്പിനെസ്സ് ഫെസ്റ്റുകൾ പ്രചോദനമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മുൻ എം.എൽ.എ ജോർജ് എം തോമസ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സന്ധ്യയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ജനറൽ കൺവീനർ വി.കെ വിനോദ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വി വസീഫ്, ജോൺസി ജോസ്, സി രാജൻ, സിഗ്നി ദേവരാജൻ, ദിപു പ്രേംനാഥ്, സലാം പൈറ്റൂളി, എൻ സുനിൽ, ടി.പി രാജീവ് തുടങ്ങിയവർ സംസാരിച്ചു.
സാംസ്‌കാരിക സന്ധ്യയെത്തുടർന്ന് കൈരളി ടി.വി പട്ടുറുമാൽ ഫെയിം മുബീന മെഹ്‌സിലും സംഘവും അവതരിപ്പിച്ച ഇശൽ നൈറ്റിന് വൻ ജനാവലി സാക്ഷ്യം വഹിച്ചു. രണ്ടാം ദിനത്തിൽ സജീവമായ സ്റ്റാളുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും കലാവിരുന്നിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അഗ്നിരക്ഷാ സേനയുടെയും കേരളാ പോലീസിന്റെയും കെ.എസ്.ഇ.ബിയുടെയും സ്റ്റാളുകളാണ് കാണികളുടെ മുഖ്യ ആകർഷണം. ഇന്ന് വൈകുന്നേരം 7:30ന് തൃശൂർ ജനനയനയുടെ ഫോക് ഈവ് അരങ്ങേറും.






