പാഠ്യ പദ്ധതി പരിഷ്കരണം കോടഞ്ചേരി പഞ്ചായത്ത് തല ചർച്ച സംഘടിപ്പിച്ചു

കോടഞ്ചേരി: പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തിക്കൊണ്ട് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച സംഘടിപ്പിച്ചു.
വിദ്യാർഥികൾക്ക് നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനങ്ങളും വിദ്യാഭ്യാസ രീതികളും പിന്തുടരുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽ പങ്കെടുത്തവർ നിർദ്ദേശിക്കുകയുണ്ടായി. ലോകത്തിന്റെ ഏറ്റവും പുതിയ അറിവുകൾ വിദ്യാർഥികളിലേക്ക് എത്തിക്കുവാൻ തക്കവണ്ണം ഉള്ള ഗൗരവമായ ഉത്തരവാദിത്വം അധ്യാപകർ ഏറ്റെടുക്കുമ്പോൾ, അതിന് ആവശ്യമായ നൂതനമായ ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോടഞ്ചേരി പഞ്ചായത്തിൽ നടന്ന യോഗത്തിനു ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ അക്കാദമിക് കോഡിനേറ്റർ പ്രത്യൂഷ് കണ്ണൂർ സ്വാഗതം പറഞ്ഞു. ദുഷ്കരമായ കാലഘട്ടത്തിൽ ഓരോ വിദ്യാർത്ഥിയും നല്ല മനുഷ്യസ്നേഹിയാക്കുവാൻ പാകത്തിലുള്ള വിഷയങ്ങൾ പുതിയ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്വാഗത പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കോടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. ക്ലാസ് മുറികളിലെ പഠനങ്ങളോട് കൂടെ തന്നെ വിദ്യാർഥിയുടെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള പഠനങ്ങൾക്ക് അധ്യാപകർ തയ്യാറാണമെന്നും, അധ്യാപകർ മുൻഗണന നൽകണമെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഓരോ അധ്യാപകരും ഓരോ വിദ്യാർത്ഥിയുടെയും ഹൃദയത്തിൽ സ്ഥാനം പിടിക്കുവാൻ തക്കവണ്ണമുള്ള പഠന രീതികൾ പുതിയ പാഠ്യപദ്ധതിയിൽ ഉണ്ടാകണമെന്ന് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ ചെയർപേഴ്സൺ റിയാനസ് സുബൈർ, മെമ്പർ ചിന്നാ അശോകൻ, തുടങ്ങിയവർ യോഗത്തിന് ആശംസകൾ അറിയിച്ചു. കൊടുവള്ളി ബി.ആർ.സി. ട്രെയിനർ പ്രസന്ന യോഗത്തിന് നന്ദി പറഞ്ഞു.






