മുക്കം ഫെസ്റ്റ് ആറാം ദിവസം; കാണികളെ പിടിച്ചിരുത്തി അപ്പുണ്ണി ശശിയുടെ ‘ചക്കരപ്പന്തൽ’

മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിൽ ആറാം ദിവസത്തെ സാംസ്കാരിക സമ്മേളനം പ്രശസ്ത നർത്തകിയും കേരള നാടക അക്കാദമി അംഗവുമായ വി.പി മൻസിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ യുവപ്രതിഭ കൗമുദി മുഖ്യാതിഥിയായി. വി.പി മനസിയയുടെ ജീവിത നേർക്കാഴ്ച കാണികൾക്ക് മുന്നിൽ മോണോ ആക്ട് രൂപത്തിൽ കുമാരി കൗമുദി ആടിത്തീർത്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോളി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രജിത പ്രദീപ്, ഗഫൂർ കല്ലുരുട്ടി, ബീന, ലയനം സലിം, പ്രദീപ് ലുലുക്കാസ്, നാസർ കൊളായി, സുനിൽ മണാശേരി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സിഗ്നി ദേവരാജൻ തയ്യാറാക്കിയ രേഘാചിത്രം മുഖ്യാതിഥികൾക്ക് സമ്മാനിച്ചു. സാംസ്കാരിക സമ്മേളനത്തെ തുടർന്ന് അപ്പുണ്ണി ശശിയുടെ നാടകം ‘ചക്കരപ്പന്തൽ’, ട്വീൻസ് മുക്കം ഒരുക്കിയ മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ അരങ്ങേറി.
വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.







