കോടഞ്ചേരിയിൽ ആരോഗ്യമേള സംഘടിപ്പിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ആരോഗ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.അബ്ദുറഹിമാൻ, വാർഡ് മെമ്പർമാരായ വാസുദേവൻ മാസ്റ്റർ, ചിന്ന അശോകൻ, ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യമേഖലയിലെ മുഴുവൻ പദ്ധതികളെയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് നടത്തിയ ആരോഗ്യമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജീവിത ശൈലി രോഗനിർണയ ക്യാമ്പും മോഡേൺ മെഡിസിൻ, ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി, ഐ.സി.ഡി.എസ് എന്നിവയാണ് ആരോഗ്യമേളയുടെ ഭാഗമായി ഒരുക്കിയിരുന്നത്.
അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആരോഗ്യമേള സന്ദർശിച്ച കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ കുട്ടികൾക്ക് മേള പുതിയൊരനുഭവമായി. മേളയിൽ ആയുർവേദ സ്റ്റാളുകൾക്ക് ഡോക്ടർ ബിന്ദു, ഹോമിയോപ്പതി സ്റ്റാളുകൾക്ക് ഡോക്ടർ ബിജി, ഡോക്ടർ ജിഷ്ല വിവേക് എന്നിവർ നേതൃത്വം നൽകി.







