Koodaranji

തേനരുവിയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യപക കൃഷിനാശം വിതച്ചു

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ തേനരുവിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷിനാശം വിതച്ചു. ബുധനാഴ്ച പുലർച്ചെ കൃഷിഭൂമിയിൽ ഇറങ്ങിയ ആന ആയിരത്തോളം വാഴകൾ നശിപ്പിച്ചു. കള്ളിപ്പാറ പെരുവാച്ചിറയിൽ ജോസിന്റെ വാഴകളാണ് നശിപ്പിച്ചത്. നൂറുമീറ്റർ ദൈർഘ്യത്തിൽ ജോസ് തന്നെ സ്ഥാപിച്ച സൗരോർജവേലി തകർത്താണ് ആന കൃഷിയിടത്തിലെത്തിയത്. നാട്ടുകാരും താമരശ്ശേരി ആർ.ആർ.ടിയും സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. കഴിഞ്ഞ ആഴ്ചയും ജോസിന്റെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വാഴകൾ നശിപ്പിച്ചിരുന്നു.

വനംവകുപ്പ് പീടികപ്പാറ സെക്‌ഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. അടിയന്തര നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തതായി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പറഞ്ഞു. മലപ്പുറം ജില്ലയിലെ കൊടുമ്പുഴ വനത്തിൽനിന്ന് ഇവിടേക്ക് എത്തുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ ദിവസങ്ങളോളം തമ്പടിച്ച് വ്യാപകമായി വിളകൾ നശിപ്പിച്ചാണ് മടങ്ങുന്നത്. കരിമ്പ്, തേനരുവി പ്രദേശങ്ങളിലാണ് കാട്ടാനശല്യം കൂടുതൽ. കഴിഞ്ഞവർഷം പീടികപ്പാറ കോനൂർകണ്ടിയിൽ കാട്ടാനകളിറങ്ങി വിളകൾ നശിപ്പിക്കുകയും മൂന്നു വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button