കെട്ടിട നിർമ്മാണ പെർമിറ്റ് ഫീ ആശാസ്ത്രീയ വർദ്ധനവിനെതിരെ പ്രമേയം പാസാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി

തിരുവമ്പാടി: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് അശാസ്ത്രീയമായി വർദ്ധിപ്പിച്ച നടപടി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അവതരിപ്പിച്ച പ്രമേയത്തിന് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ അനുവാദകനായി. കെട്ടിട നികുതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ സ.ഉ.നം. 25/2023/LSGD ഉത്തരവ് പ്രകാരം അടിസ്ഥാന വസ്തുനികുതി കുറഞ്ഞതും കൂടിയതുമായ പരിധികൾ തീരുമാനിച്ചതിനു സമാന രീതിയിൽ കെട്ടിട നിർമ്മാണ അനുമതി ഫീസ് കുറഞ്ഞ തുക 20ഉം കൂടിയ തുക 50ഉം ആയി നിശ്ചയിച്ച് അന്തിമ തുക നിശ്ചയിക്കാനുള്ള അധികാരം ഗ്രാമപഞ്ചായത്തുകൾക്ക് നൽകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
81 ച.മീ. വീട് നിർമ്മിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബങ്ങൾ പഴയ ഫീ പ്രകാരം 243 രൂപ അടച്ചിരുന്നത് ഇപ്പോൾ പുതിയ ഫീ പ്രകാരം 4050 രൂപ അടക്കേണ്ടതായി വന്നിരിക്കുകയാണ്. ഗ്രാമത്തിലെ ഇടത്തരം കുടുംബങ്ങൾ 120 ച.മീ. വീടുകളാണ് അധികവും നിർമ്മിക്കുന്നത്. ഇതുപ്രകാരം പഴയ ഫീ പ്രകാരം 480 രൂപ അടക്കേണ്ട സ്ഥാനത്ത് ഇപ്പോൾ 12000 രൂപയാണ് അടക്കേണ്ടത്. പതിമൂന്ന് ഇരട്ടിയോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ നിരക്ക് ഗ്രാമീണ കുടുംബങ്ങൾക്ക് താങ്ങാവുന്നതല്ലന്നും സർക്കാർ ഈ വിഷയത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തെ 9 അംഗങ്ങൾ അനുകൂലിച്ചു. 5 പേർ വിയോജിപ്പ് രേഖപെടുത്തി.







