Thiruvambady
തിരുവമ്പാടി കക്കുണ്ട് തോട് കൈയേറാൻ നീക്കമെന്ന് പരാതി

തിരുവമ്പാടി: തിരുവമ്പാടി കക്കുണ്ട് തോട് വീണ്ടും കൈയേറാൻ നീക്കമെന്ന് പരാതി. ഗ്രാമപഞ്ചായത്തിന്റെയും വില്ലേജ് ഓഫീസിന്റെയും എതിർവശത്ത് റേഷൻ കടയോട് ചേർന്ന ഭാഗമാണ് കെട്ടിടം പണിയുന്നതിന്റെ മുന്നോടിയായി സ്വകാര്യവ്യക്തി മണ്ണിട്ടുനികത്തുന്നത്. കെട്ടിടങ്ങൾ നിർമിക്കുന്നതിന് നീരുറവകളിൽനിന്നും നിശ്ചിത അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചാണ് കൈയേറ്റശ്രമം നടക്കുന്നതെന്നും ആരോപണമുണ്ട്.
നീരുറവകൾ സർവേനടത്തി സംരക്ഷിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. മഴക്കാലത്ത് ടൌൺ വെള്ളക്കെട്ടിലകപ്പെടുന്നതിന് ഇത് കാരണമാകുന്നെന്നാണ് ആക്ഷേപം. തോട് കൈയേറ്റം സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, സ്ഥിരംസമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ എന്നിവർ അറിയിച്ചു.







