പുല്ലൂരാംപാറ നെഹ്‌റു മെമ്മോറിയൽ വായനശാല വജ്ര ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

പുല്ലൂരാംപാറ നെഹ്‌റു മെമ്മോറിയൽ വായനശാല വജ്ര ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: മലയോര കാർഷിക മേഖലയായ പുല്ലുരാംപാറയിൽ 1961ൽ സ്ഥാപിതമായി 60 വർഷങ്ങൾ പൂർത്തീകരിച്ച നെഹ്‌റു മെമ്മോറിയൽ വായനശാലയുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം കുറിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മെയ് 2 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പുല്ലൂരാംപാറ സി.എം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യകതിത്വങ്ങൾ പങ്കെടുക്കും. വാർഷികാഘോഷ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ആദ്യകാല ലൈബ്രറി പ്രവർത്തകരെയും പ്രതിഭകളെയും ആദരിക്കും.
കോവിഡ് ലോക്ക്ഡൌൺ കാലഘട്ടത്തിൽ പൊതു വേദികളിൽ നിന്നും പൊതു നിരത്തുകളിൽ നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വായനശാല മെമ്പർമാർക്ക് വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന വിധത്തിൽ കേരളത്തിൽ ആദ്യമായി ഒരു വാട്ട്സ്ആപ്പ് വായനാ ഗ്രൂപ് ആരംഭിച്ച് ലൈബ്രറി ശ്രദ്ധനേടിയിരുന്നു. പ്രസ്തുത കാലഘട്ടത്തിൽ ആനുകാലികങ്ങളും ചെറുകഥകളും നോവലുകളും വിജ്ഞാന ശകലങ്ങളും മെമ്പർമാർക്ക് വായനാനുഭവങ്ങളാക്കി മാറ്റിയ ലൈബ്രറി ഇത് ഇന്നും തുടർന്ന് പോരുന്നുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ കീഴിൽ സ്ഥിരമായി എ ഗ്രേഡ് നിലനിർത്തി സ്വന്തമായുള്ള 3 നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക ഗ്രാമീണ ലൈബ്രറി കൂടെയാണ് പുല്ലൂരാംപാറ നെഹ്‌റു മെമ്മോറിയൽ വായനശാല






