തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് മെയ് 15ന്

തിരുവമ്പാടി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് അന്യായമായി ചിട്ടി നടത്തുകയും അടവ് തീർന്നശേഷം പണം തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ആരോപണ വിധേയനായ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പുറത്താക്കണമെന്നും വാർഡ് മെമ്പർ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മെയ് 15ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും. 500ൽ അധികം ആളുകളെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് നിർബന്ധിച്ച് ചിട്ടിയിൽ ചേർത്തുവെന്നും അടവ് പൂർത്തീകരിച്ചവർക്ക് പണം തിരിച്ചു കൊടുക്കുന്നില്ലെന്നുമാണ് ആരോപണം.
പണം നഷ്ടപ്പെട്ടവരെല്ലാം സമരത്തിൽ പങ്കെടുക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അഭ്യർത്ഥിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. അബ്രഹാം മാനുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോളി ജോസഫ്, സി.എൻ പുരുഷോത്തമൻ, സജി ഫിലിപ്പ്, സി ഗണേഷ് ബാബു, ഗീതാ വിനോദ്, ജോയി മ്ലാങ്കുഴി, ഗോപി ലാൽ, പി.ജെ ജോസഫ്, സുനിൽ ജോർജ്, കെ.എം മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.







