മുക്കത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിതയെ അപമാനിച്ചുവെന്ന പരാതിയിൽ ഇടത് അംഗങ്ങൾക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മുക്കം പോലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ചിൽ സംഘർഷം.
രാവിലെ 10:30ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പരിസരത്തുനിന്നാരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് സമീപം മുക്കം ഇൻസ്പെക്ടർ കെ പ്രജീഷിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇതിനിടെ പോലീസ് വലയം മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പ്രവർത്തകരും പോലീസും തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മാർച്ച് ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് സി.കെ കാസിം മുഖ്യപ്രഭാഷണം നടത്തി. കെ കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷംസുദ്ദീൻ ചെറുവാടി, സലാം തേക്കുംകുറ്റി, എം.ടി സെയ്ത് ഫസൽ, എം.ടി അഷ്റഫ്, റിൻസി ജോൺസൺ, കെ.ടി മൻസൂർ തുടങ്ങിയവർ സംസാരിച്ചു.