മുക്കം നഗരസഭാതല ഖരമാലിന്യ പരിപാലന പദ്ധതി; കൂടിയാലോചനായോഗം ചേർന്നു

മുക്കം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ കൂടിയാലോചനായോഗം ചേർന്നു. മുക്കം വ്യാപാരഭവനിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി ചാന്ദ്നി അധ്യക്ഷത വഹിച്ചു. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും ഖരമാലിന്യ സംസ്കരണ സേവനങ്ങൾ മികച്ചതാക്കുന്നതിനും അനുയോജ്യമായ ആധുനിക ശാസ്ത്രീയ-സാങ്കേതിക സേവനങ്ങൾ ഒരുക്കുന്നതിനും ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി.
മുക്കം നഗരസഭയുടെ ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം വിലയിരുത്തി പോരായ്മകൾ കണ്ടെത്തുകയും ഉചിതമായ പരിഹാരമാർഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിശദമായ ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുകയുമാണ് ലക്ഷ്യം. അവലോകനത്തിന്റെ അയടിസ്ഥാനത്തിൽ ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ വിഭാവനം ചെയ്യും. നഗരസഭാ കൗൺസിലർമാരായ പ്രജിത പ്രദീപ്, ഇ സത്യനാരായണൻ, കെ.കെ റുബീന, അബ്ദുൾ മജിദ്, എം.ടി വേണുഗോപാലൻ, എം മധു, വിഘ്‌നേശ്, ദിലീപ് തുടങ്ങിയവർ സംസാരിച്ചു.