ചിട്ടി തട്ടിപ്പെന്നത് നുണ പ്രചരണം; തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

തിരുവമ്പാടി: ചിട്ടി തട്ടിപ്പ് ആരോപണത്തിൽ മറുപടിയുമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്തെത്തി. വൈസ് പ്രസിഡന്റ് പദവിയിൽ ഇരിക്കുന്ന തനിക്കെരെ ഭരണപരമായ പിഴവുകളും അഴിമതിയും ചൂണ്ടിക്കാണിക്കാൻ കഴിയാത്തതിൽ ചിലർക്കുള്ള അമർഷമാണ് ചിട്ടി തട്ടിപ്പെന്ന പേരിൽ സമൂഹമദ്ധ്യേ തന്നെ താറടിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ പറഞ്ഞു. ആരോപണമുന്നയിച്ച പത്രകുറിപ്പിൽ സംസാരിച്ചവരുടെ പേര് വെക്കാൻ പേടിക്കുന്നവരും പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയപ്പോൾ പാർടിയുടെ കൊടി ഉപയോഗിക്കാതിരുന്നതും ഹിഡൻ അജണ്ടയുടെ ഭാഗമാണെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
2018ൽ തുടങ്ങിയ ഒരു ബിസിനസിന്റെ പേരിൽ 2021ൽ ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ചു ജനങ്ങളെ സ്വാധിനിച്ചു എന്നു പറയുന്നവർ സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന് തീക്കൊള്ളിക്കൊണ്ടാണ് തല ചൊറിയുന്നതെന്ന് ഓർക്കണമെന്നും മറയിട്ട് നടത്തുന്ന അഴിമതികൾ ഒരോന്നായി പുറത്തു വരുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. തനിക്കെതിരെ ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ നിന്ന് ഒറ്റപെടുത്താനും സ്ഥാനങ്ങൾ രാജി വെക്കണമെന്ന് ആവശ്യപെടാനും ഇത്തരം വ്യക്തികൾക്ക് ഇടതുമുന്നണിയുടെ സഹായത്തിനു പകരം ‘ഇടമുന്നണി’ യെന്ന ചില മുന്നണി ബന്ധങ്ങൾക്കപ്പുറമുള്ള അഞ്ച് പേരടങ്ങുന്ന രഷ്ട്രീയ സംഘം ഇതിനു പിന്നിലുണ്ടെന്നും അവരെ കുറിച്ച് വ്യക്തമായ വിവരം എനിക്ക് ലഭ്യമായിട്ടുണ്ടെന്നും വൈസ് പ്രസിഡൻറ് ആരോപിച്ചു.
ഭരണ സമതി യോഗത്തിൽ ആരോപണത്തിനു പിന്നിലെ യാഥാർത്ഥ്യം കൃത്യമായി വിശദീകരിച്ചിട്ടും ഇടത് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങി പോയത് ചിലരുടെ സമ്മർദ്ദത്തിന്റെ ഭാഗം മാത്രമാണെന്നും ഇത്തരം രാഷ്ട്രീയ നാടകങ്ങൾ വൈകാതെ തകർന്നടിയുമെന്നും
തനിക്കെതിരെ കള്ള കഥകൾ പ്രചരിപ്പിയ്ക്കാൻ നേതൃത്വം കൊടുത്തവർക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അറിയിച്ചു.







