Kerala

പബ്ജിയെ കോപ്പിയടിച്ച് പബ്ജെ; ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ; 2.3 റേറ്റിങ്

കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജിയെ കോപ്പിയടിച്ച് പബ്ജെ എന്ന മൊബൈൽ ഗെയിം. പ്ലേസ്റ്റോറിലെ ഗെയിം വിവരണം മുതൽ പേരും കൺസപ്റ്റുമൊക്കെ പബ്ജിയിൽ നിന്ന് കോപ്പിയടിച്ചതാണ്. പബ്ജി നിരോധനത്തിനു പിറ്റേന്ന് പ്ലേസ്റ്റോറിലെത്തിയ ഈ ഗെയിം ഇതിനോടം ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ ആയിട്ടുണ്ട്. പക്ഷേ, മോശം ഗ്രാഫിക്സും അസംഖ്യം പരസ്യങ്ങളുമുള്ള പബ്ജെയ്ക്ക് 2.3 ആണ് പ്ലേസ്റ്റോറിൽ റേറ്റിങ്. ഗെയിം വളരെ മോശമാണെന്നാണ് കമൻ്റുകളിലൂടെ ഗെയിമർമാർ പറയുന്നത്.

ഈ മാസം രണ്ടാം തിയതിയാണ് പബ്ജിയടക്കം 118 ആപ്പുകൾ നിരോധിച്ചു കൊണ്ട് ഐടി മന്ത്രാലയം ഉത്തരവിറക്കിയത്. ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് കേന്ദ്രം ആപ്പുകൾ നിരോധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

ഏറെ ജനപ്രിയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇന്ത്യയിൽ 3.3 കോടിയോളം ആളുകളാണ് പബ്ജി കളിക്കുന്നത്. ദക്ഷിണ കൊറിയൻ ഗെയിമാണെങ്കിലും ചൈനീസ് ടെക് ഭീമന്മാരായ ടെൻസെൻ്റാണ് പബ്ജി മൊബൈൽ പതിപ്പിൻ്റെ ഉടമകൾ. ഗെയിമിൻ്റെ ഡെസ്ക്ടോപ്പ് പതിപ്പിൻ്റെ ഉടമകൾ ദക്ഷിണ കൊറിയൻ കമ്പനി തന്നെയാണ്. അതിന് ഇന്ത്യയിൽ വിലക്കില്ല.

Related Articles

Leave a Reply

Back to top button