ഡയാലിസിസ് കിറ്റ് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു

കൊടിയത്തൂർ: ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ മരുന്നും ഉപകരണങ്ങളും അടങ്ങുന്ന കിറ്റ് സൗജന്യമായി രോഗികളുടെ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം കുറിച്ചു. കഴിഞ് ഞവർഷം മരുന്ന് വീടുകളിലെത്തിച്ച് നൽകി തുടങ്ങിയിരുന്നു. രണ്ടാം ഘട്ടമായാണ് ഡയാലിസിസ് കിറ്റ് നൽകുന്നത്. ഗ്രാമപ്പഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത ഡയാലിസിസ് ചെയ്യുന്ന മുഴുവൻ രോഗികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഗ്രാമപ്പഞ്ചായത്തും പാലിയേറ്റീവ് അസോസിയേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ട്യൂബ്, ഡയലൈസർ എന്നിവയും ആഴ്ചയിലും ഓരോമാസത്തിലും നൽകുന്ന ഇഞ്ചക്ഷനും ഉൾപ്പെടെ ഒരുരോഗിക്ക് മാസം 5000 രൂപയോളമാണ് ചിലവ്. ടെലി കൺസൽട്ടിങ് പദ്ധതിയായ ഇ-സഞ്ജീവനിക്കും പഞ്ചായത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. കൊടിയത്തൂരിൽ ഹോംകെയർ വഴി പരിചരണംനൽകുന്ന രോഗികൾക്ക് വിദഗ്ധഡോക്ടർമാരുമായി വീഡിയോകോൾ വഴി ചികിത്സലഭ്യമാക്കുന്നതാണ് ഇ-സഞ്ജീവനി പദ്ധതി.
സൗജന്യ ഡയാലിസിസ് കിറ്റ് പദ്ധതിയും ഇ-സഞ്ജീവനിയും ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഇ-സഞ്ജീവനി പദ്ധതിക്കായി പഴംപറമ്പ് സ്വദേശി എസ്.കെ അബു സൂഫിയാൻ സ്പോൺസർ ചെയ്ത ടാബ്‌ലെറ്റ് മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, പാലിയേറ്റീവ് ചെയർമാൻ എം അബ്ദുറഹിമാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസർ എസ്റ്റേറ്റ്മുക്ക്, സി.പി ചെറിയ മുഹമ്മദ്, സുഹ്റ വെള്ളങ്ങോട്ട്, ആയിഷ ചേലപ്പുറത്ത്, എം.ടി റിയാസ്, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, കെ.പി അബ്ദുറഹിമാൻ, എം സിറാജുദ്ധീൻ, ബഷീർ പുതിയോട്ടിൽ, എം.എ അബ്ദുറഹിമാൻ, കെ.വി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, എ.എം നൗഷാദ്, ഡോ.ബിന്ദു, പി.എം നാസർ, ഷംസുദ്ദീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.







