അഗസ്ത്യൻമുഴിയിലെ ബീവറേജ് ഔട്ട്ലെറ്റ്; സി.പി.എം പ്രതിഷേധം പരിഹാസ്യമെന്ന് വെൽഫെയർ പാർട്ടി

മുക്കം: അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷന് മുൻവശത്തെ കെട്ടിടത്തിൽ ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്നതിനെതിരെ സി.പി.എം നടത്തുന്ന പ്രതിഷേധം പരിഹാസ്യമാണെന്ന് വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മറ്റി അഭിപ്രായപ്പെട്ടു.
നാട് നീളെ ബാറുകളും ബീവറേജ് ഔട്ട്ലെറ്റുകളും തുറക്കാൻ ഇടതുപക്ഷ ഗവൺമെന്റ് അനുമതി നൽകുകയും അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകുകയും ലൈസൻസിന് അനുമതി നൽകുവാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഇടത് പക്ഷ ഗവൺമെന്റ് എടുത്തു കളയുകയും ചെയ്ത ശേഷം ബാറുകളോ ബീവറേജ് ഔട്ട്ലെറ്റ് കളോ തുറക്കുമ്പോൾ സി.പി.എം പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് ജനങ്ങളെ കബളിപ്പിക്കലും പരിഹാസ്യവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അഗസ്ത്യൻമുഴി എ.യു.പി സ്കൂൾ, കൃഷിഭവൻ, ട്രഷറി, പോലീസ് സ്റ്റേഷൻ, ഹെൽത്ത് സെന്റെർ, ജുമു അത്ത് പള്ളി, മുക്കം ഹൈസ്കൂൾ, ഹിറ സ്കൂൾ, മിനി സിവിൽ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ തുടങ്ങി ജനങ്ങൾ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കേണ്ട പൊതു ഇടങ്ങൾക്ക് സമീപം ബീവറേജ് ഔട്ട്ലെറ്റ് തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പുറകോട്ട് പോകണമെന്നും യോഗം ആവശ്യപ്പെട്ടു.