Koodaranji
യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി പണി തീരാതെ കൂടരഞ്ഞി പോസ്റ്റ് ഓഫിസ് ജംക്‌ഷൻ

കൂടരഞ്ഞി: മലയോര ഹൈവേ നിർമാണത്തിനുവേണ്ടി നവീകരണം ആരംഭിച്ച പോസ്റ്റ് ഓഫിസ് ജംക്‌ഷൻ റോഡിന്റെ പ്രവൃത്തി നീളുന്നു. വ്യാപാരികളും യാത്രക്കാരും അനുദിനം ദുരിതം പേറുകയാണ്. പ്രവൃത്തി ആരംഭിച്ചിട്ട് 6 മാസമായിട്ടും എങ്ങുമെത്തിയില്ല. റോഡ് ടാർ ചെയ്യാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്. വാഹനങ്ങൾ പോകുമ്പോൾ കല്ലുകൾ തെറിക്കുന്നതും ഇവിടെ പതിവാണ്.
നിർമാണത്തിനിറക്കിയ മെറ്റൽ, എംസാൻഡ്, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. മൂന്ന് സ്കൂളുകളിലേക്കുള്ള ആയിരക്കണക്കിനു കുട്ടികൾ സഞ്ചരിക്കുന്ന ജംക്‌ഷൻ സ്ഥിരം അപകടമേഖലയായി മാറിയതോടെ എത്രയും പെട്ടെന്ന് പ്രവൃത്തി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.