റോഡ് വികസിപ്പിച്ചതോടെ സ്ഥിരം അപകട മേഖലായായി പൊന്നാങ്കയം
തിരുവമ്പാടി: മലയോര ഹൈവേയുടെ ഭാഗമായി റോഡ് വികസിപ്പിച്ചതോടെ സ്ഥിരം അപകട മേഖലയായി മാറുകയാണ് പൊന്നാങ്കയം സ്കൂൾ പരിസരം. ആറു മാസത്തിനിടെ പത്തോളം വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും ഒടുവിൽ ശനിയാഴ്ച തോട്ടുംമുഴി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം സ്വദേശികൾ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചു. വാഹനങ്ങൾ ഭാഗികമായി തകർന്നു. ഭാഗ്യത്തിന് ആർക്കും പരിക്കില്ല.
ഇതിനുമുമ്പ് കഴിഞ്ഞമാസം ഇതേസ്ഥലത്താണ് ആനക്കാംപൊയിൽ സ്വദേശി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂൺ തകർത്തത്. കഴിഞ്ഞ ജൂണിൽ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രികന് പരിക്കേൽക്കുകയുണ്ടായി. വാഹനങ്ങളുടെ ബാഹുല്യമില്ലാത്തതും യാത്ര സുഗമമായതും കാരണം വാഹനങ്ങൾ അതിവേഗമാണ് പോകുന്നത്. സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും തന്നെയില്ല. ടിപ്പറുകളുടെ മരണപ്പാച്ചിലും ഭീഷണിയാകുകയാണ്.
പൊന്നാങ്കയം സ്കൂളിനു പുറമേ പുല്ലൂരാംപാറയിൽ വിവിധ സ്കൂളുകൾ, മലബാർ സ്പോർട്സ് അക്കാദമി, പള്ളിപ്പടി ബഥാനിയ ധ്യാനകേന്ദ്രം, ആശുപത്രി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്കുള്ളവർ ആശ്രയിക്കുന്ന റോഡിലാണ് അപകടം പതിയിരിക്കുന്നത്. മലയോര ഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിൽപ്പെട്ട ഈ ഭാഗത്തെ നിർമാണം നേരത്തേ പൂർത്തിയായതാണ്. അപകട ഭീഷണി ഒഴിവാക്കാൻ ശാസ്ത്രീയ സംവിധാനമൊരുക്കണമെന്ന് പൊതുപ്രവർത്തകരായ എൻ.ജെ ജോസഫ്, വ്യാപാരി ലിജോ ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.