Thiruvambady

സ്ഥലംമാറ്റ മാനദണ്ഡ പരിഷ്കാരങ്ങളിൽ വലഞ്ഞ് കൃഷിവകുപ്പ് ജീവനക്കാർ

തിരുവമ്പാടി: കഴിഞ്ഞ വർഷം കൃഷിവകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ മാനദണ്ഡ പരിഷ്കരണ ഉത്തരവിന്മേൽ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറിപ്പോകേണ്ടിവന്ന ജീവനക്കാർക്ക് ഇക്കുറിയും രക്ഷയില്ല. സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിലും പരിഹാര നടപടിയില്ല. തലതിരിഞ്ഞ സ്ഥലംമാറ്റ മാനദണ്ഡ പരിഷ്കാരങ്ങളിൽ വലയുകയാണ് സംസ്ഥാനത്തെ നൂറുകണക്കിന് അസി. കൃഷി ഓഫീസർമാരും കൃഷി അസിസ്റ്റന്റുമാരും.

മുൻവർഷം വരെ കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം സ്പാർക്ക് വഴി ഓൺലൈനായി സംസ്ഥാന തലത്തിലായിരുന്നു നടപ്പാക്കിയിരുന്നത്. ഇതിൽ സ്ഥലംമാറ്റം വേണോ എന്ന് രേഖപ്പെടുത്താൻ അവസരമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇറങ്ങിയ ഉത്തരവിൽ നോ ഓപ്ഷൻ സംവിധാനം വന്നത് ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തിനിടയാക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന്‌ 21 പേരെ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലേക്ക് സ്ഥലംബ്മാറ്റുകയുണ്ടായി. പകരം കോട്ടയം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നായി 63 പേരാണ് കോഴിക്കോട്ടെ വിവിധ കൃഷിഭവനുകളിലേക്ക് സ്ഥലം മാറിയെത്തിയത്. മലപ്പുറത്തുനിന്നുമാത്രം ഇവിടേക്ക് 34 പേർ സ്ഥലം മാറിയെത്തി. കാലങ്ങളായി വീട്ടുപരിസരങ്ങളിലെ വിവിധ കൃഷിഭവനുകളിൽ ജോലി ചെയ്തിരുന്നവർക്കാണ് പൊടുന്നനെ വിദൂര ജില്ലകളിലേക്ക്‌ സ്ഥലം മാറിപ്പോവേണ്ടിവന്നത്.

കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഉത്തരവ് നിലവിൽ വന്നതോടെ കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലം മാറ്റം രണ്ടു ഘട്ടങ്ങളിലേക്കായി പരിഷ്കരിക്കപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ ജില്ലകൾക്കിടയിലുള്ള ഡയറക്ടർ നടത്തുന്ന സ്ഥലംമാറ്റവും രണ്ടാംഘട്ടത്തിൽ ജില്ലാ കൃഷി ഓഫീസർമാർ നടത്തുന്ന ജില്ലയ്ക്കകത്തുള്ള സ്ഥലംമാറ്റവും. ആദ്യ ഘട്ടത്തിൽ ജില്ലയിൽ സീനിയറായ ആളുകളാണ് മറ്റു ജില്ലകളിലേക്ക് മാറ്റപ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ ഓരോ ഓഫീസിലും മൂന്നുവർഷം പൂർത്തിയായവരും പുതുതായി ജില്ലയിലേക്ക് എത്തപ്പെട്ടവരും ജില്ലയ്ക്കകത്തുള്ള മറ്റു ഓഫീസുകളിലേക്ക് മാറ്റപ്പെടുന്നു. 2022 വർഷത്തെ സ്ഥലംമാറ്റ നടപടിക്രമങ്ങൾ ഏറെ സങ്കീർണമായതിനാൽ 2023 പകുതിയോടെയാണ് പൂർത്തിയാക്കാൻ സാധിച്ചത്. കോവിഡ് കാരണവും മറ്റും സ്ഥലംമാറ്റം മുടങ്ങിയിരുന്നതിനാൽ കഴിഞ്ഞ സ്ഥലംമാറ്റത്തിൽ 80 ശതമാനം ആളുകളും സ്ഥലംമാറ്റപ്പെടുകയുണ്ടായി.

പുതിയ സ്ഥലംമാറ്റ അപേക്ഷ ക്ഷണിച്ചതോടെ, സ്ഥലംമാറ്റപ്പെട്ട് മാസങ്ങൾ പൂർത്തിയാകുന്നതിനുമുമ്പേ ജില്ലയിൽ സീനിയറാണ് എന്ന കാരണത്താൽ ഈ വരുന്ന സ്ഥലംമാറ്റത്തിലും മറ്റു ജില്ലകളിലേക്കു മാറാൻ നിർബന്ധിതരായിരിക്കുകയാണ് സീനിയർ കൃഷി അസിസ്റ്റന്റുമാർ. ജില്ലയിലേക്ക് മറ്റു ജില്ലകളിൽനിന്ന് എത്രപേർ സ്ഥലംമാറ്റംകിട്ടി വരുന്നുവോ അത്രയും എണ്ണം സീനിയറായ ഉദ്യോഗസ്ഥർ മറ്റു ജില്ലകളിലേക്ക് മാറ്റപ്പെടും. എന്നാൽ, എത്രപേർ വരുമെന്നും എത്രപേർക്ക് മറ്റു ജില്ലകളിലേക്ക് പോവേണ്ടിവരുമെന്നും കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അതിനാൽ, ജില്ലയിൽ സീനിയറായ ഉദ്യോഗസ്ഥർ തൊട്ടടുത്ത ജില്ലകളിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ സമർപ്പിക്കാതെ മറ്റുവഴിയില്ല. മുൻവർഷങ്ങളിൽ ഉള്ളപോലെ നോ ഓപ്ഷൻ നിലവിലില്ലാത്തതിനാൽ അവർ നൽകിയ ഓപ്ഷൻ പ്രകാരം സ്ഥലംമാറ്റപ്പെടുകയും ചെയ്യും. എത്തിപ്പെടുന്ന ജില്ലയിൽ ജൂനിയറാവും എന്നതിനാൽ ജില്ലയിൽ താരതമ്യേന അപേക്ഷകർ കുറഞ്ഞ സ്ഥലങ്ങളിലേ ഇവർക്ക് പോസ്റ്റിങ് ലഭിക്കുകയുള്ളൂ.

Related Articles

Leave a Reply

Back to top button