മുക്കത്ത് കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളി
![](https://thiruvambadynews.com/wp-content/uploads/2023/09/Thiruvambadynews21062023-71.jpg)
മുക്കം: പാതയോരത്ത് കുടിവെള്ള പദ്ധതിക്കും ജലസ്രോതസ്സിനും സമീപം സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. മുക്കം നഗരസഭയിലെ മുത്തേരി-മുത്താലം റോഡിൽ മുത്തേരി അങ്ങാടിക്ക് സമീപം ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന തോടിനരികിലാണ് കഴിഞ്ഞദിവസം രാത്രി കക്കൂസ് മാലിന്യം തള്ളിയത്. തൊട്ടടുത്ത വീടുകളിലേക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്. ഒട്ടേറെപ്പേർ ആശ്രയിക്കുന്ന മുത്തേരി കുടിവെള്ള പദ്ധതിയുടെ കിണറിന്റെയും ഒട്ടേറെ കുടിവെള്ള പദ്ധതികൾക്കായി ആശ്രയിക്കുന്ന തോടിന്റെയും തൊട്ടരികിലാണ് കക്കൂസ് മാലിന്യം തള്ളിയത്.
മഴപെയ്താൽ കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്കും തൊട്ടടുത്ത വീടുകളിലെ കിണറ്റിലേക്കും തോട്ടിലേക്കും മാലിന്യം കലരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മുത്തേരി മുതൽ വട്ടോളിപറമ്പ് വരെയുള്ള റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ചമുമ്പ് മുക്കം നഗരസഭയിലെ കുറ്റിപ്പാല അയ്യപ്പക്ഷേത്രത്തിന് സമീപവും കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനെതിരേ നഗരസഭാ അധികൃതർക്കും പോലീസിനും പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മലയോരത്തെ വിവിധ മേഖലകളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സമൂഹവിരുദ്ധരുടെ ഇത്തരം പ്രവൃത്തികൾ.